സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളെ തള്ളി നടി കവിയൂർ പൊന്നമ്മ. തന്റെ ഇളയസഹോദരനും കുടുംബത്തിനുമൊപ്പമാണ് വർഷങ്ങളായി താമസിക്കുന്നതെന്നും അവരാണ് തന്റെ കാര്യങ്ങൾ നോക്കുന്നതെന്നും കവിയൂർ പൊന്നമ്മ പറയുന്നു. ഒരു പണിയുമില്ലാത്ത ആളുകളാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ഇക്കാര്യത്തിൽ കൂടുതലൊന്നും പറയുവാനില്ലെന്നും മലയാളത്തിന്റെ പ്രിയ അമ്മ വെളിപ്പെടുത്തി.
വടക്കൻ പറവൂർ കരുമാലൂരിലെ വസതിയിൽ മലയാള സിനിമയിൽ അറുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ സന്തോഷ വേളയിൽ വിശ്രമജീവിതം നയിക്കുകയാണ് കവിയൂർ പൊന്നമ്മ.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ അതിഥികളിൽ ഒരാൾ പകർത്തിയ സ്വകാര്യഫോട്ടോയാണ് നവമാധ്യമങ്ങളിൽ പ്രചരിച്ചത്. പൊന്നമ്മയെ വീട്ടുകാർ നട തള്ളിയെന്ന മട്ടിലാണ് വാർത്ത പ്രചരിച്ചത്. ഇത്തരത്തിലുള്ള പ്രചരണങ്ങളോട് താൻ മറുപടി പറയുന്നില്ലെന്നാണ് കവിയൂർ പൊന്നമ്മ പറഞ്ഞത്. അതേസമയം കവിയൂർ പൊന്നമ്മ ക്യാമറയ്ക്ക് മുന്നിലെത്തിയിട്ട് ആറരപതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. സിനിമാജീവിതം അറുപത്തിയഞ്ചുവർഷം പിന്നിടുന്നതിന് പ്രത്യേക ആഘോഷങ്ങളൊന്നുമില്ല താരത്തിന്.