ബിനാമി ഇടപാടുകൾ തടയുന്നതിന്റെ ഭാഗമായി ഇടപാടുകൾ നടത്തുന്നവർക്കെതിരെ പിഴ ചുമത്താനൊരുങ്ങി ഒമാൻ. രാജ്യത്തെ നിയമമോ രാജകീയ ഉത്തരവോ അനുവദിക്കാത്ത ബിനാമി ഇടപാടുകൾ ഉൾപ്പെടെയുള്ളവ പിടിക്കപ്പെട്ടാൽ 15,000 റിയാൽ (30 ലക്ഷത്തിന് മുകളിൽ) വരെ പിഴ ശിക്ഷയായി ലഭിക്കും. പുതിയ മന്ത്രിതല ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നിയമലംഘനം പിടിക്കപ്പെട്ടാൽ ആദ്യം വാണിജ്യ രജിസ്റ്ററിൽ നിന്ന് സ്ഥാപനത്തിന്റെ പ്രവർത്തനം റദ്ദാക്കുകയാണ് ചെയ്യുക. കൂടാതെ 5,000 റിയാൽ പിഴയീടാക്കുകയും ചെയ്യും. നടപടികൾക്ക് ശേഷം വീണ്ടും നിയമ ലംഘനം നടത്തിയാൽ 10,000 റിയാൽ പിഴയും മൂന്ന് മാസത്തേക്ക് പ്രവർത്തനം സസ്പെൻഡ് ചെയ്യുകയും ചെയ്യും. ഇത് വീണ്ടും ആവർത്തിച്ചാൽ 15,000 റിയാൽ പിഴയും വാണിജ്യ റജിസ്റ്ററിൽ നിന്ന് സ്ഥാപനത്തിന്റെ പേര് നീക്കം ചെയ്യുകയും ചെയ്യും. പിന്നീട് ഒരു വർഷത്തിന് ശേഷം മാത്രമേ വീണ്ടും രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളു.
വാണിജ്യം, വ്യവസായം, തൊഴിൽപരം, കരകൗശലം, വിനോദസഞ്ചാരം, മറ്റ് സാമ്പത്തിക പ്രവർത്തനം തുടങ്ങിയവയാണ് നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുക. സ്ഥാപനത്തിന്റെ വരുമാനം, ലാഭം, കരാറുകളുടെ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾ പ്രത്യക്ഷമായോ പരോക്ഷമായോ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കല്ലാതെ സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്കോ മറ്റേതെങ്കിലും അക്കൗണ്ടിലേക്കോ മാറ്റുന്നത് സ്വകാര്യ വ്യാപാരത്തിന്റെ പരിധിയിൽ വരും.
സ്ഥാപനം സ്ഥാപിക്കുന്ന സമയത്തെ രേഖകൾ, ലൈസൻസ് നേടാനുള്ള അപേക്ഷ, സ്ഥാപനത്തിന്റെ അക്കൗണ്ട് എന്നിവയിൽ തെറ്റായ വിവരമോ കണക്കോ സമർപ്പിക്കുന്നതും ശിക്ഷാർഹമാണ്. സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണമായും പ്രവാസികൾക്ക് നൽകുന്ന സ്ഥാപന ഉടമയുടെ സമ്മതവും രഹസ്യ വ്യാപാരത്തിൽപ്പെടുന്നുണ്ടെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്.