പ്രവാസികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തി ഒമാനിലെ സാമൂഹിക സുരക്ഷാനിയമം. സ്വദേശി ജീവനക്കാർക്കുള്ള സമാന വ്യവസ്ഥകളോടെ ഇനി മുതൽ ഒമാനിൽ പ്രവാസി തൊഴിലാളികൾക്കും സാമൂഹിക സുരക്ഷ ലഭിക്കും. തൊഴിൽ-സേവന കാലയളവിലെ അവസാനം ലഭിക്കുന്ന ഗ്രാറ്റുവിറ്റിക്ക് പകരം സേവിങ്സ് സമ്പ്രദായമാണ് ഇപ്പോൾ നിലവിൽവന്നത്. ജോലിക്കിടയിലെ പരുക്ക്, രോഗം തുടങ്ങിയവക്കാണ് പ്രവാസി തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുക. ഇതിനായുള്ള സേവിങ്സ് നൽകേണ്ടത് തൊഴിലുടമയാണ്. നിശ്ചിത വിഹിതം തൊഴിലാളിയും നൽകണം.
പുതിയ സേവിങ്സ് സമ്പ്രദായത്തിൽ തൊഴിലാളിയുടെ പ്രതിമാസ വിഹിതം അടിസ്ഥാന ശമ്പളത്തിന്റെ ഒമ്പത് ശതമാനമായിരിക്കും. സേവിങ്സ് സംവിധാനത്തിലേക്ക് തൊഴിലുടമയോ മറ്റാരെങ്കിലുമോ നൽകുന്ന ഏതൊരു സേവിങ്സ് തുകയും ചട്ടങ്ങൾക്ക് വിധേയമായിരിക്കണം. സമ്മാനങ്ങൾ, ഒസ്യത്ത്, സംഭാവനകൾ എന്നിവ ഇതിനായി നൽകാം. എന്നാൽ അത് ബന്ധപ്പെട്ട കൗൺസിൽ അംഗീകരിക്കണമെന്ന് മാത്രം. നിശ്ചിത തീയതിക്കകം തൊഴിലുടമ വിഹിതം അടച്ചിരിക്കണം. തീയതി ലംഘിച്ചാൽ അധിക തുക അടക്കേണ്ടതായും വരും. വ്യക്തിഗത അക്കൗണ്ടിൽ നിക്ഷേപിച്ച മുഴുവൻ വിഹിതത്തിന്റെയും നിക്ഷേപത്തിന്റെയും ഉടമസ്ഥാവകാശം തൊഴിലാളിക്കായിരിക്കും.
തൊഴിലുടമയുമായുള്ള തൊഴിൽ ബന്ധം അവസാനിക്കുന്നതോടെ ഫണ്ടിന്റെ ഉടമസ്ഥാവകാശം തൊഴിലാളിക്കാണ്. തൊഴിലാളി മരിച്ചാൽ അനന്തരാവകാശികൾക്ക് സേവിങ്സ് ലഭിക്കും. ഗുണഭോക്താക്കളില്ലെങ്കിൽ സേവിങ്സ് സിസ്റ്റത്തിലേക്ക് സേവിങ്സ് മാറ്റും. ജോലി ചെയ്യാൻ സാധിക്കാത്ത തീരിയിൽ സ്ഥിരമായി വൈകല്യം സംഭവിച്ചാലും സേവിങ്സ് ഉടസ്ഥാവകാശം തൊഴിലാളിക്ക് ലഭിക്കും. ഏതെങ്കിലും സാഹചര്യത്തിൽ തൊഴിലുടമ സേവിങ്സ് സമ്പ്രദായം ഉപേക്ഷിക്കുകയോ വ്യവസ്ഥകൾ പാലിക്കാതിരിക്കുകയോ ചെയ്താൽ പിഴ അടക്കേണ്ടതായും വരും.