ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തെത്തുടർന്ന് ഇന്ത്യൻ വനിത ടീം ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിനെതിരെ നടപടിക്കൊരുങ്ങി ഐസിസി. ബംഗ്ലാദേശ് വനിതാ ടീമിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ ഫീൽഡിലും സമ്മാനദാന ചടങ്ങിനിടയിലും മോശമായി പെരുമാറിയ ഹർമൻപ്രീത് കൗറിനെതിരെ നാല് ഡീമെറിറ്റ് പോയിന്റുകൾ ചുമത്തുമെന്നാണ് വിലയിരുത്തൽ. അങ്ങനെവന്നാൽ താരത്തിന് മത്സരത്തിൽ വിലക്കേർപ്പെടുത്തുകയും ചെയ്യും.
മത്സരത്തിൽ പുറത്തായതിനു പിന്നാലെ ബാറ്റുകൊണ്ടു വിക്കറ്റ് തല്ലിയൊടിച്ച ഹർമൻപ്രീത് അമ്പയറുടെ തീരുമാനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച ശേഷമാണ് ക്രീസ് വിട്ടത്. മത്സര ശേഷം സമ്മാനദാന ചടങ്ങിനിടെ അമ്പയറിങ് പരിതാപകരമായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ഇവിടംകൊണ്ടും അവസാനിക്കുന്നില്ല കാര്യങ്ങൾ. ബംഗ്ലാദേശ് താരങ്ങൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ നിങ്ങൾക്ക് ട്രോഫി നേടിത്തരാൻ സഹായിച്ച അമ്പയർമാരെ കൂടി വിളിക്കൂ എന്ന ഹർമന്റെ പ്രതികരണവും വിവാദമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ബംഗ്ലാദേശ് ക്യാപ്റ്റൻ നൈഗർ സുൽത്താന പ്രതിഷേധം അറിയിച്ച് ടീം അംഗങ്ങളെയും കൂട്ടി ഗ്രൗണ്ട് വിടുകയും ചെയ്തു.
ഇതോടെയാണ് ഐസിസി ശക്തമായ തീരുമാനത്തിലേയ്ക്ക് നീങ്ങിയത്. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഹർമന് നാല് ഡീമെറിറ്റ് പോയന്റുകൾ ലഭിച്ചേക്കുമെന്നാണ് സൂചന. ഉപകരണങ്ങൾ കേടുവരുത്തിയതിന് മൂന്ന് ഡീമെറിറ്റ് പോയന്റും മാച്ച് ഒഫീഷ്യൽസിനെ പരസ്യമായി വിമർശിച്ചതിന് ഒരു ഡീമെറിറ്റ് പോയന്റുമാണ് ലഭിക്കുക. നടപടി വന്നാൽ ഐസിസി പെരുമാറ്റച്ചട്ടം ലെവൽ 2 പ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമാകും ഹർമൻപ്രീത്. ഇതിനൊപ്പം മാച്ച് ഓഫീഷ്യൽസിന്റെ റിപ്പോർട്ട് കൂടി വന്നാൽ മത്സര വിലക്കിന് വരെ സാധ്യതയുണ്ട്. വിഷയത്തിൽ അന്തിമ തീരുമാനം ഐസിസിയുടേതായിരിക്കും.