വമ്പൻ താരനിരയുമായി കിങ് സൽമാൻ കപ്പിന് ജൂലൈ 27ന് സൗദിയിൽ തുടക്കം കുറിക്കും. ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള ഈ ഫുട്ബോൾ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസേമ ഉൾപ്പെടെയുള്ള ലോകോത്തര താരങ്ങൾ മാറ്റുരയ്ക്കും. 27 മുതൽ ഓഗസ്റ്റ് 12 വരെയാണ് മത്സരം.
അൽ ഇത്തിഹാദ്, അൽ നസർ, അൽ ഹിലാൽ എന്നിവയുൾപ്പെടെ 16 അറബ് ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. സൗദിയിലെ ക്ലബ്ബുകൾ ലോകോത്തര താരങ്ങളെ സ്വന്തമാക്കിയ ശേഷമുള്ള ആദ്യത്തെ സീസണാണിത്. തായിഫ്, അബഹ, അൽ ബാഹ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുക. തായിഫിൽ നടക്കുന്ന ആദ്യ മത്സരത്തിൽ അൽ ഇത്തിഹാദിനായി ഫ്രഞ്ച് താരം കരീം ബെൻസേമ, എൻഗാലോ കാന്റെ പോർച്ചുഗീസ് താരം ജോവോ ഫെലിപ്പെ എന്നിവരൊന്നിച്ച് കളത്തിലിറങ്ങും.
അൽ നസറിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിൽ ക്രൊയേഷ്യയുടെ മാർസെലോ ബോസോവിച്ച്, ഫ്രഞ്ച് താരം സിക്കോ ഫൊഫാന എന്നിവരും രംഗത്തെത്തും. അൽ ഹിലാലിനായി സെനഗലിന്റെ കലിഡൗ കൗലിബാലി, പോർച്ചുഗീസിന്റെ റൂബൻ നെവ്സ്, സെർബിയൻ താരം സെർജി സാവിക് എന്നീ മൂന്ന് താരങ്ങളും കളിക്കളത്തിലിറങ്ങും.