അവശ്യവസ്തുക്കളുടെ വില വർധിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം. ഉപഭോക്തൃ സംരക്ഷണ സമിതി നടത്തിയ പരിശോധനയിൽ ചില കടകളിൽ അവശ്യ വസ്തുക്കൾക്ക് അമിത വില ഈടാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ചിക്കൻ, മുട്ട തുടങ്ങിയ ഭക്ഷ്യവസ്തുക്കൾക്ക് സർക്കാർ നിശ്ചയിച്ച വിലയേക്കാൾ അമിതവില ഈടാക്കിയ 100 കടകൾക്ക് മന്ത്രാലയം പിഴയിടുകയും ചെയ്തു.
അമിത വിലവർധനവ് തടയാൻ ഏപ്രിൽ മുതൽ ജൂലൈ അഞ്ചുവരെയുള്ള മാസങ്ങളിൽ 209 സ്ഥലങ്ങളിലാണ് ഉപഭോക്തൃ സംരക്ഷണ സമിതി പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായി 125 സ്ഥാപനങ്ങൾ അവശ്യ വസ്തുക്കൾക്ക് അമിത വില ഈടാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് 100 കടകളിൽ നിന്ന് പിഴയീടാക്കിയത്. വരുംദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തുമെന്നും മന്ത്രാലയം അറിയിച്ചു. നിയമം ലംഘിച്ചാൽ ആദ്യതവണ 10,000 ദിർഹവും ആവർത്തിച്ചാൽ രണ്ടുലക്ഷം ദിർഹം വരെയും പിഴ ഈടാക്കും
യുഎഇയിൽ അവശ്യവസ്തുക്കൾക്ക് അതോറിറ്റി നിശ്ചയിച്ച വിലയേക്കാൾ ഉയർന്ന വില ഈടാക്കണമെങ്കിൽ സൂപ്പർ മാർക്കറ്റുകൾ പ്രത്യേകം അനുമതി വാങ്ങണം. പാചക എണ്ണ, മുട്ട, പാൽ ഉല്പന്നങ്ങൾ, അരി, പഞ്ചസാര, പൗൾട്രി, ഗോതമ്പ്, പയർ വർഗങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില സംബന്ധിച്ച പുതുക്കിയ ഉത്തരവ് ഏപ്രിലിലാണ് മന്ത്രാലയം പുറപ്പെടുവിച്ചത്. അമിത വിലവർധനവ് ശ്രദ്ധയിൽപെട്ടാൽ 8001222 എന്ന നമ്പറിൽ ഉപഭോക്താക്കൾക്ക് പരാതിപ്പെടാമെന്ന് മന്ത്രാലയം അറിയിച്ചു.