മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിച്ച 2,800 സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ യുഎഇയിൽ പൂട്ടിച്ചു. മയക്കുമരുന്ന് വാങ്ങുന്നതും ഉപ യോഗിക്കുന്നതും പ്രോത്സാഹിപ്പിച്ച സാമൂഹ്യമാധ്യമ അക്കൗണ്ടുകളാണ് പൂട്ടിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മൂന്നുവർഷത്തിനിടെയാണ് 2,800 അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചത്. വിവിധ നിയമനിർമ്മാണ സംവിധാനങ്ങളുമായും സാമൂഹ്യമാധ്യമ കമ്പനികളുമായും സഹകരിച്ചാണ് നടപടികൾ സ്വീകരിക്കുന്നത്.
പൊതുസുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുമുള്ള നടപടികൾ മന്ത്രാലയം ശക്തമാക്കിയതായും അറിയിച്ചു. ഏറ്റവും നവീനമായ സാങ്കേതികവിദ്യയും ആർട്ടിഫിഷൽ ഇന്റലിജന്റ്സും മികവുറ്റ വ്യക്തികളെയുമാണ് ഓൺലൈൻ നിരീക്ഷണത്തിനായി മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ളത്. ഇവവഴി കണ്ടെത്തുന്ന മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ സാമൂഹ്യമാധ്യമ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യുന്ന രീതിയാണ് നിലവിൽ സ്വീകരിച്ചിരിക്കുന്നത്.
യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്ന് കഴിഞ്ഞ വർഷം 11,884 കി.ഗ്രാം മയക്കുമരുന്നും 10,315 പേരെയും കസ്റ്റഡിയിലെടുത്തതായും അറികൃതർ അറിയിച്ചു. ‘മയക്കുമരുന്ന് തടയാനായി ഞങ്ങൾക്കൊപ്പം ചേരുക’ എന്ന തലക്കെട്ടിൽ മന്ത്രാലയം ആരംഭിച്ച കാമ്പയിന് മികച്ച പ്രതികരണമാണ് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.