സ്വകാര്യ മേഖലയിൽ വേതന സംരക്ഷണ നിയമം (വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം) നടപ്പിലാക്കി ഒമാൻ. രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതനം ഉറപ്പ് വരുത്തുന്നതിനുള്ള സംവിധാനമായ വേതന സംരക്ഷണ നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം ഇന്നലെ ഔദ്യോഗിക ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഇന്ന് മുതൽ നിയമം നടപ്പിലാക്കിയത്.
ഈ ഉത്തരവ് പ്രകാരം ഒമാനിലെ തൊഴിലുടമകൾ തങ്ങളുടെ കീഴിലുള്ള തൊഴിലാളികളുടെ വേതനത്തിൽ മാറ്റം വരുത്തുന്ന സാഹചര്യത്തിൽ അവരുടെ വർക്ക് കോൺട്രാക്റ്റ് കൃത്യമായി തൊഴിൽ മന്ത്രാലയത്തിൽ പുതുക്കി ഫയൽ ചെയ്യേണ്ടതാണ്. ഒമാനിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണിത്. ഈ ഉത്തരവ് പ്രകാരം തൊഴിലാളികളുടെ വേതനം ശമ്പളം നൽകുന്ന തിയതി മുതൽ ഏഴ് ദിവസത്തിനകം ഒമാനിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും ലൈസൻസുള്ള പ്രാദേശിക ബാങ്കിലെ അവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യേണ്ടതാണ്.
ഒമാൻ തൊഴിൽ മന്ത്രാലയം, സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ എന്നിവ സംയുക്തമായാണ് ഈ ഇലക്ട്രോണിക് സംവിധാനം നടപ്പിലാക്കുന്നത്. ഒമാനിലെ സ്വകാര്യമേഖലയിൽ തൊഴിലുടമകൾ ശമ്പളം വിതരണം ചെയ്യുന്ന നടപടിക്രമങ്ങൾ ഈ സംവിധാനത്തിലൂടെ അധികൃതർക്ക് നിരീക്ഷിക്കാൻ സാധിക്കും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ വർക്ക് ലൈസൻസുകൾ താത്കാലികമായി നിർത്തലാക്കുകയും അമ്പത് റിയാൽ അഡ്മിനിസ്‌ട്രേറ്റീവ് ഫൈൻ ഇനത്തിൽ ചുമത്തുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. നിയമലംഘനം ആവർത്തിക്കുന്ന സാഹചര്യത്തിൽ പിഴ ഇരട്ടിയായി ചുമത്തുകയും ചെയ്യും.