സുഹാർ ഫ്രീസോണിൽ വ്യവസായ മാലിന്യ പുനരുപയോഗ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നു. ഇതിനായി സുഹാർ പോർട്ട് ആൻഡ് ഫ്രീ സോൺ എലൈറ്റ് സിസ്റ്റം ഫോർ ഹാസാർഡ്സ് വേസ്റ്റ് മാനേജ്മെന്റ് കമ്പനിയുമായി ഭൂമി പാട്ടക്കരാർ ഒപ്പുവെച്ചു. 3.5 മില്യൺ ഡോളർ നിക്ഷേപത്തിലാണ് പദ്ധതി ഒരുങ്ങുന്നത്. മേഖലയിലെ മാലിന്യ സംസ്കരണ രീതികൾ മെച്ചപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
10,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിക്കുന്ന പ്ലാന്റിന് വിവിധ തരം മാലിന്യങ്ങൾ സംസ്കരിക്കാനുള്ള ശേഷിയുണ്ട്. കൂടാതെ മലിനീകരണ രഹിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി പ്രാദേശികവും അന്തർദേശീയവുമായ നിയന്ത്രണങ്ങളും നിയമ നിർമാണങ്ങളും പാലിക്കുന്നതും ഉറപ്പാക്കുമെന്ന് സുഹാർ അറിയിച്ചു. അതേസമയം യന്ത്രങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള എണ്ണയും സിമന്റ് ഉൽപന്നങ്ങൾക്കും റോഡ് നിർമാണ വ്യവസായങ്ങൾക്കും അനുയോജ്യമായ കുറഞ്ഞ മലിനീകരണ കാർബൺ പൊടി ഉൾപ്പെടെ നിരവധി ഉൽപന്നങ്ങളും പ്ലാന്റ് ഉൽപാദിപ്പിക്കും.
തുടക്കത്തിൽ പ്രതിദിനം 40 ടൺ ആണ് പ്ലാന്റിന്റെ ഉൽപാദനശേഷി. ഇത് ഒരു വർഷത്തിനുള്ളിൽ പ്രതിദിനം 80 ടണ്ണായി ഉൽപാദന ശേഷി ഉയർത്തും. കൂടാതെ കമ്പനിയുടെ പ്രധാന ചുവടുവെപ്പാണ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി സുഹാർ ഫ്രീ സോൺ തെരഞ്ഞെടുത്തതെന്ന് എലൈറ്റ് സിസ്റ്റം ഫോർ ഹസാർഡ്സ് വേസ്റ്റ് മാനേജ്മെന്റ് കമ്പനിയുടെ ഷെയർഹോൾഡറായ ഷെഫ് സൂദ് കൂട്ടിച്ചേർത്തു. അതേസമയം സുസ്ഥിര വികസനത്തിനായുള്ള ഉറച്ച പ്രതിബദ്ധത തെളിയിക്കുന്നതാണ് ഈ കരാറെന്ന് സുഹാർ ഫ്രീ സോൺ സി.ഇ.ഒയും സുഹാർ പോർട്ട് ഡെപ്യൂട്ടി സി.ഇ.ഒയുമായ ഉമർ ബിൻ മഹ്മൂദ് അൽ മഹ്റെസി പറഞ്ഞു.