പൗരന്മാർക്ക് വീട് നിർമ്മിക്കാൻ 3,200 പ്ലോട്ടുകൾ അനുവദിച്ച് ദുബൈ മുനിസിപ്പാലിറ്റി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
പൗരന്മാർക്ക് മികച്ച ജീവിത സാഹചര്യം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് പുതിയ നടപടിയെന്നും പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും സാമൂഹിക ഐക്യവും കുടുംബ സുസ്ഥിരതയും വർധിപ്പിക്കുന്നതിനുമാണ് രാജ്യം മുൻഗണന നൽകുന്നതെന്നും ഷെയ്ഖ് ഹംദാൻ ട്വിറ്ററിൽ കുറിച്ചു.
ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനിന് അനുസൃതമായ രീതിയിലാണ് ഭവനനിർമ്മാണത്തിനുള്ള പ്ലോട്ടുകൾ നിർണയിച്ചിട്ടുള്ളത്. അനുവദിച്ച സ്ഥലങ്ങളിലെല്ലാം അടിസ്ഥാന സൗകര്യങ്ങളും വിനോദ കേന്ദ്രങ്ങളുമെല്ലാം ഉൾപ്പെട്ടവയാണ്. ആഗോള തലത്തിലെ ഏറ്റവും മികച്ച ഗുണനിലവാരം ഉറപ്പുവരുത്തിയാണ് പൗരന്മാർക്ക് താമസകേന്ദ്രങ്ങൾ അനുവദിച്ചിരിക്കുന്നത്.