മദീനയിൽ പ്രവാചക പള്ളിയിലേക്കുള്ള വഴിയിൽ ഉടനീളം സുഗന്ധം പരത്താൻ നടപ്പാതകളിൽ സ്മാർട്ട് എയർ ഫ്രഷ്നർ സ്ഥാപിച്ചു. മദീന മേഖലാ വികസന അതോറിറ്റിയാണ് ഈ പദ്ധതി നടപ്പാക്കി വരുന്നത്. വഴിയിൽ മാത്രമല്ല ഇരിപ്പിടങ്ങൾക്കു സമീപവും സ്മാർട്ട് എയർ ഫ്രഷ്നറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു. നഗര സൗന്ദര്യവൽക്കരണം നടപ്പിലാക്കുന്നതിനോടൊപ്പം തീർഥാടകർക്കും സന്ദർശകർക്കും ആകർഷക അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
മദീനയിലേക്കുള്ള നടപ്പാതകൾക്ക് ഇരുവശങ്ങളിലുമായി ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുകയും ചൂട് ആഗിരണം ചെയ്യാത്ത മാർബിളുകൾ പതിച്ച് മനോഹരമാക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ 245 തണൽ കുടകളും സ്ഥാപിച്ചിട്ടുണ്ട്. വെള്ളം സ്പ്രേ ചെയ്യുന്ന ഫാനുകൾ സ്ഥാപിച്ച് അന്തരീക്ഷം തണുപ്പിക്കുകയും ചെയ്തു വരുന്നു.