വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകർ മടക്കയാത്ര ആരംഭിച്ചതോടെ യാത്രാ നടപടികൾ വേഗത്തിലാക്കാൻ സൗദി പാസ്പോർട്ട് വകുപ്പ് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. മടക്കയാത്ര ചെയ്യുന്ന തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള പ്രവേശന കവാടങ്ങൾ സജ്ജമായതായി സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് അറിയിച്ചു. തീർഥാടകർക്ക് എളുപ്പത്തിൽ പുറപ്പെടുന്നതിന് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനും ആധുനിക സുരക്ഷാ സംവിധാനങ്ങളുടെ പിന്തുണയോടെ മുഴുവൻ സാങ്കേതിക സംവിധാനവും ഉദ്യോഗസ്ഥരും സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂരിപക്ഷം തീർഥാടകരുടെയും അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നത് വിമാന മാർഗമാണ്. വരും ദിവസങ്ങളിൽ വിമാനയാത്രാ രംഗത്ത് ഉണ്ടായേക്കാവുന്ന തിരക്ക് കണക്കിലെടുത്ത് ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ സിവിൽ ഏവിയേഷനും വിമാനത്താവളത്തിലെ സേവന കമ്പനികളും ആവശ്യമായ എല്ലാ ഒരുക്കവും ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ സൗദി പാസ്പോർട്ട് തലവൻ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽയഹ്യ ജിദ്ദ വിമാനത്താവളത്തിലെത്തി ഹജ് ടെർമിനുകളിൽ തീർഥാടകരുടെ യാത്രാ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ ഒരുക്കിയ സേവനങ്ങൾ നേരിട്ടെത്തി പരിശോധിച്ചു.
ഹജ് കർമങ്ങൾ പൂർത്തിയാക്കി തീർഥാടകർ മക്കയിൽ നിന്ന് മദീനയിൽ എത്തികൊണ്ടിരിക്കുകയാണ്. അൽഹറമൈൻ ട്രെയിൻ വഴിയും കര മാർഗവുമായാണ് ഇവർ യാത്ര ചെയ്യുന്നത്. വരും ദിവസങ്ങളിലായി കൂടുതൽ തീർഥാടകർ മദീനയിലെത്തും. ഹജിന് മുമ്പ് മദീന സന്ദർശനം നടത്താത്ത ഇന്ത്യക്കാർ അടക്കമുള്ളവരും ഈ കൂട്ടത്തിലുണ്ട്. കൂടാതെ ഹജിന് ശേഷം മദീനയിലെത്തുന്ന തീർഥാടകരെ സ്വീകരിക്കാനും സേവനങ്ങൾക്കും മസ്ജിദുന്നബവി കാര്യാലയം ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ മറ്റ് ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. കരമാർഗമുള്ള തീർഥാടകരുടെ യാത്ര എളുപ്പമാക്കാൻ മക്കയിൽ നിന്ന് മദീനയിലേയ്ക്കുള്ള റോഡുകളിൽ റോഡ് സുരക്ഷ വിഭാഗം കൂടുതൽ സംഘങ്ങളെ നിയമിച്ചിട്ടുണ്ട്.