ഖത്തറിൽ നടന്ന ലോക സ്‌കോളേഴ്‌സ് കപ്പ് ഗ്ലോബൽ റൗണ്ട്- 2023ൽ മികച്ച പ്ര കടനം നടത്തിയ എമിറാത്തി വിദ്യാർത്ഥിനി ഫാത്തിമയ്ക്ക് നേരിട്ടെത്തി അഭിനന്ദനം അറിയിച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ. മത്സരത്തിൽ നാലാം സ്ഥാനത്തെത്തിയ ഫാത്തിമ എഴുത്തിനും സംവാദത്തിനുമായി 11 സ്വർണ്ണ മെഡലുകളും രണ്ട് കപ്പുകളുമാണ് കരസ്ഥമാക്കിയത്.
എമിറാത്തി പ്രതിഭകൾക്ക് ആദരവും അംഗീകാരവും പിന്തുണയും നൽകുന്നതിൻ്റെ ഭാഗമായായിരുന്നു ശൈഖ് ഹംദാൻ്റെ സന്ദർശനം. ആഗോളതലത്തിൽ 1800 പേർ മാറ്റുരച്ച മത്സരത്തിലാണ് ഫാത്തിമ മികച്ച പ്രകടനം നടത്തി യുഎഇയുടെ അഭിമാനമായതെന്ന് ശൈഖ് ഹംദാൻ പങ്കുവച്ച ട്വീറ്റിൽ വ്യക്തമാക്കി.
ഫാത്തിമ യേൽ യൂണിവേഴ്സിറ്റിയിലെ ഐവി ലീഗ് സ്കൂളിൽ തുടർ നടത്തുമെന്നും ട്വീറ്റിൽ പറയുന്നു. യുഎഇയിലെ യുവാക്കളുടെ നേട്ടങ്ങൾ ഭരണാധികാരികൾ ശ്രദ്ധിക്കുന്നുണ്ടെന്നും ശൈഖ് ഹംദാൻ പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് ഹൈസ്കൂൾ പരീക്ഷയിൽ മികച്ച വിജയം സ്വന്തമാക്കിയ കുട്ടികൾക്ക് യുഎഇ വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കത്ത് അയക്കുകയും ഫോണിൽ ആശംസ അറിയിക്കുകയും ചെയ്തത് ശ്രദ്ധേയമായിരുന്നു.