സൗദിയിൽ റിസോർട്ടിൽ അനധികൃതമായി വളർത്തിയ മൂന്ന് സിംഹങ്ങളെ പിടിച്ചെടുത്തു. സൗദി പൗരനായ യുവാവിന് പത്ത് വർഷം തടവും 30 ദശലക്ഷം പിഴയും ശിക്ഷ ലഭിക്കും. സൗദി തലസ്ഥാനത്തെ ഒരു റിസോർട്ടിൽ മൂന്ന് സിംഹങ്ങളെ പാർപ്പിച്ചിരിക്കുകയാണെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫിൽ നിന്നുള്ള സംഘവും പരിസ്ഥിതി സുരക്ഷയ്ക്കുള്ള പ്രത്യേക സേനയും ഒരുമിച്ചാണ് അന്വേഷണം നടത്തിയത്. റിസോർട്ടിൽ നിന്ന് പിടിച്ചെടുത്ത സിംഹങ്ങളെ മൃഗസംരക്ഷണ യൂണിറ്റുകളിലേക്ക് മാറ്റി.
വന്യ മൃഗങ്ങളെ അനധികൃതമായി വളർത്തുന്നത് സൗദിയിൽ പരിസ്ഥിതി വ്യവസ്ഥയുടെ ലംഘനമായാണ് കണക്കാക്കപ്പെടുന്നു. രാജ്യത്തെ വന്യജീവികളെ സംരക്ഷിക്കുന്നതിനും, വേട്ടയാടൽ നിയന്ത്രിക്കുന്നതിനും കർശനമായ നടപടി സ്വീകരിക്കുമെന്ന് സൗദി പരിസ്ഥിതി ജല കൃഷി വകുപ്പ് മന്ത്രാലയം വ്യക്തമാക്കി. അനധികൃതമായി മൃഗങ്ങളെ വളർത്തിയാൽ കർശന ശിക്ഷ നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു വർഷത്തിനുള്ളിൽ രണ്ടു തവണയോ അതിൽ കൂടുതലോ നിയമലംഘനം നടത്തിയാൽ 10 വർഷം വരെ തടവോ 30 മില്യൺ റിയാലിൽ കൂടാത്ത പിഴയോ ലഭിക്കാനും സാധ്യതയെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.