ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ അകാലത്തിൽ കൊഴിഞ്ഞുപോയ ഡോ.വന്ദനയുടെ ഓർമ്മകൾക്ക് മുന്നിൽ നമിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രീയപ്പെട്ട വന്ദനയുടെ ഓർമ്മകൾ നമ്മുടെ കൂടെയുണ്ട്. ഓരോ ഡോക്ടർക്കും ആത്മവിശ്വാസത്തോടെ, നിർഭയം പ്രവർത്തിക്കാൻ സുരക്ഷിതമായ തൊഴിലിടം നമുക്ക് ഒരുക്കാമെന്ന് ഫേസ്ബുക്കിൽ കുറിച്ച മന്ത്രി സേവനരംഗത്ത് പ്രവർത്തിക്കുന്ന എല്ലാ ഡോക്ടേർസിനും ആശംസകൾ നേർന്നു.
മന്ത്രി വീണാ ജോർജ്ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
‘ജൂലൈ ഒന്ന് ദേശീയ ഡോക്ടർസ് ദിനം. സ്വാതന്ത്ര സമര സേനാനിയും, പൊതുപ്രവർത്തകനും ഭിഷഗ്വരനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന ഡോ. ബി.സി റോയിയുടെ ജന്മദിനവും ചരമദിനവും ജൂലായ് ഒന്നാം തീയതിയാണ്. അദ്ദേഹത്തോടുള്ള ആദര സൂചകമായി ഈ ദിവസം നാം ദേശീയ ഡോക്ടർസ് ദിനമായി ആചരിക്കുന്നു.
ഈ ഡോക്ടർസ് ദിനത്തിൽ നമുക്ക് ആതുരസേവനത്തിനായി രാപ്പകലില്ലാതെ പ്രവർത്തിക്കുന്ന ഓരോ ഡോക്ടർമാരെയും ആദരവോടെ സ്മരിക്കാം. തിരക്കുള്ള ഒ.പികളിലും, ഓപ്പറേഷൻ തീയേറ്ററുകളിലും, വാർഡുകളിലും, ലാബുകളിലും, കുത്തിവെപ്പ് മുറികളിലും, സ്കാൻ ചെയ്യാൻ പോയപ്പോഴും ഒക്കെ എത്രയോ ഇടങ്ങളിൽ ആ കരുതൽ നാം അനുഭവിച്ചിട്ടുണ്ട്. മരുന്നുകൾക്ക് മായ്ക്കാൻ കഴിയാത്ത എത്രയോ മുറിവുകൾ വാക്കാലും നോക്കാലും ഉണക്കിയിരിക്കുന്നു.
ഈ ഡോക്ടർസ് ദിനത്തിൽ, സ്വപ്നങ്ങളുടെ ലോകത്തേക്ക് പറന്നുയരാൻ കഴിയും മുമ്പേ നമുക്ക് നഷ്ടപ്പെട്ട ഡോ.വന്ദനയുടെ ഓർമ്മകൾക്ക് മുന്നിൽ നമിക്കുന്നു. പ്രിയപ്പെട്ട വന്ദനയുടെ ഓർമ്മകൾ നമ്മുടെ കൂടെ തന്നെയുണ്ട്. ഓരോ ഡോക്ടർക്കും ആത്മവിശ്വാസത്തോടെ, നിർഭയം പ്രവർത്തിക്കാൻ സുരക്ഷിതമായ തൊഴിലിടം നമുക്ക് ഒരുക്കാം. എന്റെ എല്ലാ പ്രീയപ്പെട്ട സഹപ്രവർത്തകർക്കും ഡോക്ടർസ് ദിനാശംസകൾ’.