കേരളത്തിലെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതിനോടകം തന്നെ വിജ്ഞാപനം പുറപ്പെടുവിച്ചുവെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ദേശീയ വിജ്ഞാപനത്തിന് അനുസൃതമായാണ് വേഗപരിധി പുതുക്കിയിരിക്കുന്നത്. ഇതനുസരിച്ച് ഒമ്പത് സീറ്റ് വരെയുള്ള യാത്രാ വാഹനങ്ങൾക്ക് ആറ് വരി ദേശീയ പാതയിൽ 110 കിലോമീറ്റർ ആണ് വേഗപരിധി. നാല് വരി ദേശീയ പാതയിൽ 100 കിലോ മീറ്ററും മറ്റ് ദേശീയപാത, നാല് വരി സംസ്ഥാന പാത എന്നിവയിൽ 90 കിലോമീറ്ററുമാണ് വേഗപരിധി. മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കിലോ മീറ്ററും മറ്റു റോഡുകളിൽ 70 കിലോ മീറ്ററും നഗര റോഡുകളില്‍ 50 കിലോമീറ്ററും ആണ് അനുവദനീയ വേഗപരിധി.
അതേസമയം ഒമ്പത് സീറ്റിന് മുകളിലുള്ള ലൈറ്റ്-മീഡിയം ഹെവി യാത്ര വാഹനങ്ങൾക്ക് ആറ് വരി ദേശീയ പാതയിൽ 95 കിലോമീറ്റർ ആണ് പുതുക്കിയ വേഗപരിധി. നാല് വരി ദേശീയ പാതയിൽ 90 കിലോ മീറ്റർ, മറ്റ് ദേശീയപാതകളിൽ 85 കിലോ മീറ്റർ, നാല് വരി സംസ്ഥാന പാതയിൽ 80 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70 കിലോ മീറ്റർ, മറ്റു റോഡുകളിൽ 60 കിലോ മീറ്റർ, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് പരമാവധി വേഗം അനുവദിച്ചിട്ടുള്ളത്.
ചരക്ക് വാഹനങ്ങളുടെ വേഗപരിധി ആറ് വരി, നാല് വരി ദേശീയപാതകളിൽ 80 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. മറ്റ് ദേശീയപാതകളിലും നാല് വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററുമാണ് പുതുക്കിയ വേഗപരിധി. മറ്റ് റോഡുകളിൽ 60 കിലോമീറ്ററും നഗര റോഡുകളില്‍ 50 കിലോമീറ്റർ ആയും വേഗ പരിധി നിജപ്പെടുത്തിയിട്ടുണ്ട്.
ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 കിലോ മീറ്ററുമാണ് വേഗപരിധി. അതേസമയം മുച്ചക്ര വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററാണ്. സംസ്ഥാനത്ത് 2014-ന് ശേഷം ഇപ്പോഴാണ് വേഗപരിധി പുനർ നിശ്ചയിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ റോഡുകൾ ആധുനിക രീതിയിൽ നവീകരിച്ചതും എഐ ക്യാമറകൾ പ്രവർത്തന സജ്ജമായതും കണക്കിലെടുത്താണ് വേഗപരിധി പുതുക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.