ജിദ്ദയിലെ അമേരിക്കൻ കോൺസുലേറ്റിന് മുന്നിലുണ്ടായ വെടിവെപ്പിൽ രണ്ട് പേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരം 6.45നാണ് വെടിവെപ്പ് ഉണ്ടായത്. അമേരിക്കൻ കോൺസുലേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ നേപ്പാൾ പൗരനാണ് മരിച്ചവരിൽ ഒരാൾ. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ പിന്നീട് മരണപ്പെടുകയായിരുന്നു. കാറിലെത്തി വെടിയുതിർത്ത ആൾ ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല. വെടിവെപ്പിൽ രണ്ട് പേർ മരിച്ചതായി അമേരിക്കൻ അധികൃതരും സ്ഥിരീകരിച്ചു.
കാറിലെത്തിയ ഒരാൾ കോൺസുലേറ്റ് ബിൽഡിങിന് സമീപം വാഹനം നിർത്തി തോക്കുമായി പുറത്തിറങ്ങുകയും കോൺസുലേറ്റിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. ഇയാളെ സുരക്ഷാ സേന വെടിവെച്ചു കൊന്നതായി സൗദി അറേബ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ എസ്.പി.എ അറിയിച്ചു.കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കോ അമേരിക്കൻ പൗരന്മാർക്കോ പരിക്കേറ്റിട്ടില്ലെന്നും സംഭവത്തെ തുടർന്ന് കോൺസുലേറ്റ് അടച്ചതായും അധികൃതർ അറിയിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് മക്ക പൊലീസ് വക്താവ് അറിയിച്ചു. കാറിലെത്തിയയാൾ വെടിവെച്ചതിനെ തുടർന്ന് സുരക്ഷാ സേന തിരികെ വെടിവെയ്ക്കുകയും അത് അക്രമിയുടെ മരണത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.