ഇന്ത്യൻ ബൗളിങ്ങിന്റെ കുന്തമുനയായ ജസ്പ്രീത് ബുമ്ര കളിക്കളത്തിലേക്ക് തിരിച്ചെത്തി. ഇന്നലെയാണ് താരം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) തിരിച്ചെത്തി പരിശീലനം പുനരാരംഭിച്ചത്. ബുമ്ര 7 ഓവർ പന്തെറിഞ്ഞതായി എൻസിഎ സ്ഥിരീകരിച്ചു. താരത്തിന്റെ തിരിച്ചുവരവ് ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
ശരീരക്ഷമതയും കളിക്കളത്തിലെ മികവും ഉറപ്പാക്കാൻ അടുത്ത മാസം നടത്തുന്ന പരിശീലന മത്സരങ്ങൾക്കുള്ള തയാറെടുപ്പിലാണ് ബുമ്ര. അയർലന്റ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലും തുടർന്നു നടക്കുന്ന ഏഷ്യാ കപ്പിലും ബുമ്ര ഇന്ത്യൻ ടീമിലുണ്ടാകുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലാണ് ബുമ്ര അവസാനമായി കളിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് ബുമ്രയ്ക്ക് പരിക്കേറ്റത്. പിന്നീട് നടുവിനുണ്ടായ പരിക്കിനേത്തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു താരം. പിന്നീട് ചെറിയ രീതിയിൽ ബൗളിംഗ് പരിശീലനം ആരംഭിച്ച ബുമ്ര പൂർവ്വാധികം കരുത്തോടെയാണ് കളിക്കളത്തിലേക്ക് മടങ്ങിവന്നിരിക്കുന്നത്.