തെരുവുനായ അക്രമത്തിൽ മരിച്ച നിഹാലിന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂൺ 11-നായിരുന്നു കണ്ണൂർ മുഴപ്പിലങ്ങാട്ട് തെരുവുനായ്ക്കളുടെ അക്രമണത്തിൽ ഭിന്നശേഷിക്കാരനായ പതിനൊന്നുകാരൻ നിഹാൽ കൊല്ലപ്പെട്ടത്.
വൈകിട്ട് അഞ്ചുമണിയോടെ കാണാതായ കുട്ടിയെ ഏറെനേരത്തെ തിരച്ചിലിനൊടുവിൽ രാത്രി ഒൻപതോടെയാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടുപറമ്പിൽ ശരീരമാസകലം മുറിവുകളോടെ കണ്ടെത്തിയത്. കുട്ടിയുടെ മുഖവും വയറും നായ്ക്കൾ കടിച്ചുകീറിയ നിലയിലായിരുന്നു. കുട്ടിയെ കണ്ടെത്തിയപ്പോൾ ജീവനുണ്ടായിരുന്നുവെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
ഓട്ടിസം ബാധിച്ച് സംസാരശേഷിയില്ലാത്തതിനാൽ നായ്ക്കളുടെ ആക്രമണത്തിൽ നിലവിളിക്കാൻ പോലും നിഹാലിന് സാധിച്ചില്ല. മനുഷ്യമനസാക്ഷിയെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. ധർമ്മടം സ്വാമിക്കുന്ന് ജേസീസ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയായിരുന്നു കെട്ടിനകം പള്ളക്കടുത്ത് ദാറുൽ റഹ്മാനിൽ നൗഷാദിന്റെ മകനായ നിഹാൽ.