ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയുടെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികരണവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റിഫാന്‍ ഡുജാറിക്. ലോക രാജ്യങ്ങള്‍ അതൃപ്തിയറിയിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും വേണം. യുഎന്‍ അതാണ് പ്രോത്സാഹിപ്പിക്കുന്നത്. കഥകൾ കേൾക്കുന്നതുപോലെയല്ല നേതാക്കളുടെ പ്രസ്താവനകളെന്നും സ്റ്റിഫാന്‍ ഡുജാറിക് വ്യക്തമാക്കി. പാക് മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതേസമയം, വിഷയത്തില്‍ ഇന്ത്യ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നിലപാടല്ല ബിജെപി വ്യക്താവിന്‍റെ പരാമര്‍ശത്തിലുളളതെന്ന് കേന്ദ്രം വ്യക്തമാക്കി. ഇന്ത്യയെ എതിര്‍പ്പ് അറിയിച്ച രാജ്യങ്ങളുമായി സംസാരിക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രി നീക്കം ആരംഭിച്ചു.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത ഒ.ഐ.സി നിലപാടിനെതിരേയും ഇന്ത്യ രംഗത്തുവന്നു. രാജ്യത്തിനെതിരായ നീക്കങ്ങളില്‍ ഖേദമുണ്ടെന്നും ബാഹ്യശക്തികളുടെ ഇടപെടലുകൾക്ക് ഒ.െഎ.സി വഴങ്ങുകയാണെന്നും ഇന്ത്യന്‍ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു.
ടൈംസ് നൗ ചാനലില്‍ ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ബി.ജെ.പി വക്താവായിരുന്ന നുപുര്‍ ശര്‍മ നടത്തിയ പരാമര്‍ശങ്ങളാണ് ലോകവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്. നുപുര്‍ ശര്‍മയുടെ പരാമര്‍ശത്തില്‍ അറബ് രാജ്യങ്ങൾ ഇന്ത്യയെ നേരിട്ട് നിലപാട് അറിയിച്ചിരുന്നു.