ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായി ദുബായിലെ ജയിലുകളിൽ നിന്ന് വിവിധ രാജ്യക്കാരായ 650 തടവുകാരെ മോചിപ്പിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. തടവുകാർക്ക് മാപ്പ് നൽകാനുള്ള ശൈഖ് മുഹമ്മദിന്റെ ഉത്തരവ് അവരുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകാനും അവർക്ക് പുതിയ ജീവിതം ആരംഭിക്കാനുമുള്ള അവസരവുമാണ് നൽകുന്നത്. തടവുകാരെ മോചിപ്പിക്കാനുള്ള ശൈഖ് മുഹമ്മദിന്റെ തീരുമാനം അദ്ദേഹത്തിന്റെ തീഷ്ണതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ദുബായ് അറ്റോർണി ജനറൽ എസ്സാം ഇസ്സ അൽ ഹുമൈദാൻ പറഞ്ഞു.
ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ദുബായ് പോലീസുമായി സഹകരിച്ച് ശൈഖ് മുഹമ്മദിന്റെ ഉത്തരവ് നടപ്പാക്കാനുള്ള നിയമനടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഈ തടവുകാർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുമാണ്. മോചിതരാവുന്ന തടവുകാർക്ക് അവരുടെ ഭാവിയെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ കഴിയും. കൂടാതെ അവരുടെ കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും സേവനത്തിൽ സാമൂഹികവും തൊഴിൽപരവുമായ ജീവിതം നയിക്കുന്നതിന് ക്രിയാത്മകമായി സംഭാവന നൽകാനുമാണ് മാപ്പ് അനുവദിക്കുന്നത്.
യുഎഇയിലെ ഓരോ എമിറേറ്റുകളിലെയും ഭരണാധികാരികൾ സുപ്രധാന ഇസ്ലാമിക അവസരങ്ങളിൽ തടവുകാർക്ക് മാപ്പുനൽകുന്നത് സാധാരണമാണ്. ബുധനാഴ്ച,യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 988 തടവുകാരെ തിരുത്തൽ സൗകര്യങ്ങളിൽ നിന്ന് മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു.