സർക്കാർ സേവനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിക്കുന്നതിന്റെ ഭാഗമായി 30 സർക്കാർ സ്ഥാപനങ്ങളിൽ പ്രത്യേക സമിതി രൂപീകരിച്ചു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് ദുബായ് സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (ഡിസിഎഐ) ആദ്യ യോഗത്തിൽ പുതിയ സമിതി രൂപീകരിച്ചത്.
സർക്കാരിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിൽ ദുബായിയെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി. വിവിധ സംരംഭങ്ങളും പദ്ധതികളും നടപ്പാക്കുന്നതിനും സ്വകാര്യമേഖലാ പങ്കാളിത്തം വർധിപ്പിക്കുന്നതിനും പുതിയ സമിതി സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിച്ച് വിവിധ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിൽ വൈദഗ്ധ്യമുള്ളവരാണ് സംഘത്തിലുള്ളതെന്ന് ഡിസിഎഐ ഡയറക്ടർ സഈദ് അൽ ഫലസി പറഞ്ഞു. എമിറേറ്റ്സ് ടവറിലെ എആർഇഎ 2071 ആസ്ഥാനമായാണ് ഡിസിഎഐ പ്രവർത്തിക്കുന്നത്.