ഹജ്ജ് തീർഥാടകരുടെ കൂടാരങ്ങളിലേക്കും സർക്കാർ ഏജൻസികളുടെ ഓഫീസുകളിലേക്കും എല്ലാത്തരം വലിപ്പത്തിലുള്ള ദ്രവീകൃത പെട്രോളിയം വാതകങ്ങളും (എൽപിജി) പ്രവേശിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള നിരോധനം ഏർപ്പെടുത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പുണ്യസ്ഥലങ്ങളിലെ തീർഥാടക ക്യാമ്പുകളിലെ തീപിടിത്തത്തെ തടയാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് ഈ തീരുമാനമെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി.
സുരക്ഷാ അധികൃതരുമായി ഏകോപിപ്പിച്ചായിരിക്കും തീരുമാനം നടപ്പാക്കുക. വെള്ളം ചൂടാക്കാൻ ഉപയോഗിക്കുന്ന ചെറിയ സിലിണ്ടർ ഉൾപ്പെടെ എല്ലാത്തരം എൽപിജി സിലിണ്ടറുകളും പിടിച്ചെടുക്കുമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. മിന, മുസ്ദലിഫ, അറഫാത്ത് എന്നീ പുണ്യസ്ഥലങ്ങളിൽ നിരോധനം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സിവിൽ ഡിഫൻസിന്റെ പ്രതിരോധ-സുരക്ഷാ മേൽനോട്ട ടീമുകൾ ഫീൽഡ് ഇൻസ്പെക്ഷൻ ടൂർ വഴി സർക്കാർ ഏജൻസികളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും എല്ലാ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തും.