ഒരുമാസത്തിനിടെ ആഗോള കുരങ്ങുപനി കേസുകളുടെ എണ്ണം ആയിരത്തിന് അടുത്തെത്തിയതായി റിപ്പോര്‍ട്ടുകൾ. മുപ്പതില്‍ അധികം രാജ്യങ്ങളിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസ് , യൂറോപ്യന്‍ രാജ്യങ്ങൾക്ക് പുറമെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും രോഗ ബാധ കൂടുകയാണ്. യു.കെ ഇതിനകം സമൂഹ വ്യാപനം പ്രഖ്യാപിച്ചുകഴിഞ്ഞു.
ഇതിനിടെ ഫ്രാൻസിൽ 51 കുരങ്ങുപനി കേസുകൾ കണ്ടെത്തിയതായി ഫ്രഞ്ച് ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി. രോഗ ബാധിതര്‍ 22 നും 63 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണെന്നും ഫ്രഞ്ച് ദേശീയ പൊതുജനാരോഗ്യ ഏജൻസി അറിയിച്ചു. ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍ 33 അധിക കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആഗോളതലത്തിൽ 700-ലധികം കുരങ്ങുപനി കേസുകളെക്കുറിച്ച് അറിയാമെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും വ്യക്തമാക്കി. പരിശോധനയും സമ്പര്‍ക്ക പട്ടിക തയ്യാറാക്കലും യുഎസില്‍ മുന്നോട്ടുപോവുകയാണ്. സമൂഹ വ്യാപനം മുന്നില്‍കണ്ട് വാക്സിനേഷന്‍ നടപടികൾക്ക് തുടക്കമിട്ടതായും യുഎസ് ആരോഗ്യ വൃത്തങ്ങൾ സൂചിപ്പിച്ചു. കുരങ്ങുപനിക്കുള്ള 1200 ഡോസ് വാക്സിൻ തയ്യാറാണെന്ന് വൈറ്റ് ഹൗസ് ഗ്ലോബൽ ഹെൽത്ത് സെക്യൂരിറ്റി ആന്റ് ബയോ ഡിഫൻസ് സീനിയർ ഡയറക്ടർ ഡോ.രാജ് പഞ്ചാബിയും അറിയിച്ചു.
ലോകമെമ്പാടും സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടനും വ്യക്തമാക്കി. ഡസൻ കണക്കിന് രാജ്യങ്ങളിലാണ് പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. കണ്ടെത്താനാകാത്ത സംക്രമണം നടന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ലോകാരോഗ്യ സംഘടനയെന്ന് ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. രോഗ ബാധിതരുടെ എണ്ണം ഉയര്‍ന്നതോടെ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യങ്ങളും ഉയര്‍ന്നുകഴിഞ്ഞു.