സ്വകാര്യ മേഖലയിലെ വാണിജ്യ സംരംഭങ്ങൾക്ക് ഡെലിവറി സേവനങ്ങൾ നൽകുന്നതിനായി 600 മോട്ടോർ ബൈക്കുകൾ കൂടി കൂട്ടിച്ചേർക്കാനൊരുങ്ങി ആർടിഎയുടെ ദുബായ് ടാക്സി കോർപ്പറേഷൻ (ഡിടിസി). സ്മാർട്ട് പ്ലാറ്റ്‌ഫോമുകൾ, ആപ്പുകൾ, റെസ്റ്റോറന്റുകൾ, റീട്ടെയിലർമാർ എന്നിവ വഴി ഡെലിവറി സേവന കമ്പനികൾ ഉൾപ്പെടെയുള്ള സംരംഭങ്ങൾക്ക് ഈ സേവനത്തിലൂടെ ഗതാഗത, ഡെലിവറി കാര്യങ്ങൾക്ക് പരിഹാരമാവുമെന്നാണ് വിലയിരുത്തുന്നത്. കൂടാതെ 600 മോട്ടോർബൈക്കുകളിൽ സേവനം ആരംഭിക്കുന്ന ഡിടിസി 2023 വർഷാവസാനത്തോടെ 990 മോട്ടോർബൈക്കുകളായി ഉയർത്താനാണ് ഉദ്ദേശിക്കുന്നത്.
ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഡെലിവറി സേവനങ്ങൾ ഉറപ്പാക്കുന്നതിന് കാര്യക്ഷമതയുള്ള ഡ്രൈവർമാർ ഓടിക്കുന്ന അത്യാധുനിക മോട്ടോർബൈക്കുകളാണ് ഡിടിസി വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും പുതിയ ട്രാക്കിംഗ് ഉപകരണങ്ങളും 24/7 നിയന്ത്രണ കേന്ദ്രവും നിരീക്ഷിക്കുന്ന സുരക്ഷാ ഫീച്ചറുകൾ DTC-യുടെ മോട്ടോർബൈക്കുകളിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. കൂടാതെ ഓപ്പറേഷൻ, ട്രാക്കിംഗ്, മെയിന്റനൻസ് എന്നിവയിൽ മികച്ച സേവനങ്ങൾ നൽകാൻ ഡിടിസിയുടെ പ്രൊഫഷണൽ ടീമും സജ്ജരാണ്.
ഡെലിവറി സേവനങ്ങൾ
DTC നൽകുന്ന പുതിയ ഡെലിവറി സേവനം ദുബായുടെ ഡെലിവറി സേവന മേഖലയെയും സാമ്പത്തിക വികസനത്തെയും പിന്തുണയ്ക്കുന്നതിനും വാണിജ്യ ബിസിനസുകൾക്ക് പുതിയ വളർച്ചാ സാധ്യതകൾ നൽകുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ്. കൂടാതെ ദുബായിലെ ഡെലിവറി സേവനങ്ങളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡും ഈ സേവനത്തിന്റെ ആവശ്യകത ഊട്ടിയുറപ്പിക്കുന്നു. മാത്രമല്ല, ഡെലിവറി സേവനങ്ങൾക്ക് നൂതനവും സുരക്ഷിതവും സുസ്ഥിരവുമായ പരിഹാരങ്ങൾ നൽകുന്നതിൽ DTC വിജയിച്ചിട്ടുണ്ടെന്നും അൽ ഫലാസി പറഞ്ഞു.