എയർ അറേബ്യ യാത്രക്കാർക്ക് ഷാർജയിൽ സിറ്റി ചെക്ക് ഇൻ സൗകര്യം ഏർപ്പെടുത്തിയതിന് പിന്നാലെ യാത്രക്കാർക്കായി ബസ് സർവ്വീസ് ആരംഭിച്ചിരിക്കുകയാണ് എയർ അറേബ്യ. എയർ അറേബ്യ യാത്രക്കാർക്ക് അൽഐനിൽനിന്ന് ഷാർജയിലേക്കും അബൂദാബിയിലേക്കും തിരിച്ചുമാണ് ബസ് സർവീസ് ആരംഭിക്കുന്നത്. ജൂൺ 16 മുതലാണ് സർവീസ് ആരംഭിക്കുക.
അൽഐനിൽനിന്ന് ഷാർജ എയർപോർട്ടിലേക്ക് രാവിലെ 9 മണിക്കും വൈകിട്ട് 5.30നുമാണ് ബസ് സർവീസ് നടത്തുക. തിരിച്ച് അൽഐനിലേക്ക് ഉച്ചക്ക് 1.30നും രാത്രി 11 മണിക്കുമാണ് ബസ് പുറപ്പെടുക. അൽഐനിൽ നിന്ന് അബുദാബി എയർപോർട്ടിലേക്ക് രാവിലെ 9 മണിക്കും വൈകിട്ട് 6.30നുമാണ് സർവീസ്. തിരിച്ച് അൽഐനിലേക്ക് രാവിലെ 11.30നും രാത്രി 12നും സർവീസ് ഉണ്ടാകും. എയർപോർട്ടിലേക്കും തിരിച്ചുമുള്ള യാത്രക്ക് രണ്ട് മണിക്കൂർ മാത്രമാണ് സമയമെടുക്കുക. അൽഐൻ ഊദ് അൽതോബയിലുള്ള എയർ അറേബ്യ ഓഫീസിൽനിന്നാണ് ബസ് പുറപ്പെടുന്നത്.
യാത്രക്കാർക്കായി ഷാർജയിൽ സിറ്റി ചെക്ക് ഇൻ സർവ്വീസും കഴിഞ്ഞ ദിവസം എയർ അറേബ്യ ആരംഭിച്ചിരുന്നു. സിറ്റി ചെക്ക് ഇൻ സർവ്വീസിലൂടെ യാത്രക്കാർക്ക് യാത്രയുടെ 24 മണിക്കൂർ മുൻപ് മുതൽ 8 മണിക്കൂർ മുൻപ് വരെ ചെക്ക് ഇൻ ചെയ്യാൻ സാധിക്കും. ചെക്ക് ഇൻ ചെയ്ത് ലഗേജും അയച്ച് ബോർഡിങ് പാസും വാങ്ങിയാൽ യാത്രയുടെ ഒരു മണിക്കൂർ മുൻപ് മാത്രം വിമാനത്തവാളത്തിൽ എത്തിയാൽ മതി. ഇതുവഴി വിമാനത്താവളത്തിൽ വളരെ നേരം കാത്തിരിക്കുന്നത് യാത്രക്കാർക്ക് ഒഴിവാക്കാൻ സാധിക്കും.