അടിയന്തര ശസ്ത്രക്രിയക്കായി അതിവേഗം വൃക്കയെത്തിക്കാൻ സഹായിച്ച് ദുബായ് അതോറിറ്റി. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി സപ്പോർട്ടിലെ എയർ വിംഗ് ഡിപ്പാർട്ട്‌മെന്റ് ആണ് ദുബായ് ഹോസ്പിറ്റലിൽ നിന്നും ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിലേക്ക് അതിവേഗം അവയവവുമായി ഹെലികോപ്റ്ററിൽ പറന്നത്.
ദുബായ് ഹോസ്പിറ്റലിൽ നിന്നും ഹെലികോപ്റ്റർ മാർഗം അടിയന്തര ചികിത്സ ആവശ്യമുള്ള രോഗിക്കായി വൃക്ക എത്തിക്കാൻ അഭ്യർത്ഥന ലഭിച്ചതിനെ തുടർന്ന് ദുബായിലെ ആഭ്യന്തര മന്ത്രാലയം സഹായവുമായി രംഗത്തെത്തുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി സപ്പോർട്ടിലെ എയർ വിംഗ് ഡിപ്പാർട്ട്‌മെന്റ് യഥാസമയം അവയവം ഉചിതമായ മെഡിക്കൽ സ്റ്റാഫിനെ ഉപയോഗിച്ച് സുരക്ഷിതമായി കൈമാറുകയും ചെയ്തു.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഹെലികോപ്റ്റർ വഴി അവയവം കൈമാറിയ വിവരം അധികൃതർ അറിയിച്ചത്. ഇതാദ്യമായല്ല അതോറിറ്റി ഒരാളുടെ ജീവൻ രക്ഷിക്കാൻ ഹെലികോപ്റ്റർ ഉപയോഗിക്കുന്നത്. കഴിഞ്ഞ മാസം പരിക്കേറ്റ ഒരു ഏഷ്യക്കാരനെ യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ എയർ വിംഗ് ഇത്തരത്തിൽ രക്ഷപ്പെടുത്തിയിരുന്നു.