മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസീബിൻ്റെ ചിത്രം വാട്സപ്പ് ഡിപിയാക്കിയ വ്യക്തിയ്ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. മൊബൈൽ കമ്പനിയിൽ ജോലി ചെയ്യുന്ന വ്യക്തിയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഹിന്ദു സംഘടനയിലെ അംഗമായ അമർജീത് സുർവെ എന്നയാളാണ് പരാതി നൽകിയത്.
ഔറംഗസീബിൻ്റെ ചിത്രം വാട്സപ്പ് ഡിപിയാക്കിയ ചാറ്റിൻ്റെ സ്ക്രീൻഷോട്ട് ലഭിച്ച അമർജീത് ഈ ചിത്രം നീക്കാൻ അയാളോട് ആവശ്യപ്പെട്ടു. ചിത്രം മാറ്റാമെന്ന് ആ വ്യക്തി അറിയിക്കുകയും ചെയ്തു. എന്നാൽ ഒരുപാട് സമയത്തിനു ശേഷവും ഇയാൾ ചിത്രം മാറ്റിയില്ല. ഇതോടെ അമർജീത് നേവി മുംബൈയിലെ വാശി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു .
അതേസമയം വാട്സാപ്പ് ഡിപി വിഷയം വിവാദമായിരിക്കുകയാണ്. ഔറംഗസീബിനെയും ടിപ്പു സുൽത്താനെയും പുകഴ്ത്തുന്നു എന്നാരോപിച്ചാണ് മഹാരാഷ്ട്രയിൽ വിവാദമുണ്ടായിരിക്കുന്നത്. നേരത്തേ മറാത്ത നേതാക്കളെ അവഹേളിച്ചുകൊണ്ട് ഔറംഗസീബിനെ പുകഴ്ത്തുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ പേരിൽ മഹാരാഷ്ട്രയിലെ കോലാപൂരിൽ പ്രതിഷേധം നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വലതുപക്ഷ വിഭാഗം ജൂൺ ഏഴിന് കോലാപൂരിൽ ബന്ദ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ ബന്ദിനു പിന്നാലെ പ്രതിഷേധം അക്രമാസക്തമാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.