മലയാള സിനിമയുമായുളള ബന്ധം ഒരിക്കല്‍കൂടി വ്യക്തമാക്കി ഉലകനായകന്‍ കമല്‍ഹാസന്‍. തന്നെ അഭിനയം പഠിപ്പിച്ചതില്‍ മലയാള സിനിമയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നാണ് കമല്‍ഹാസന്‍റെ പ്രതികരണം. ലോകേഷ് കനകരാജും കമല്‍ഹാസനും ഒന്നിക്കുന്ന പുതിയ ചിത്രം വിക്രമിന്‍റെ പ്രമോഷന്‍റെ ഭാഗമായി ദുബായില്‍ എത്തിയപ്പോഴാണ് കമല്‍ഹാസന്‍റെ പ്രതികരണം.
മലയാളത്തില്‍നിന്നാണ് തന്‍റെ ജീവിതവും സിനിമാജീവിതവും ആരംഭിക്കുന്നതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. കേരളത്തില്‍ തനിക്ക് നിരവധി സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്. മലയാള സിനിമാ താരങ്ങളോടുളള ബന്ധവും അദ്ദേഹം വിശദീകരിച്ചു. വിക്രമില്‍ ഉൾപ്പെടെ തന്‍റെ സിനിമകളില്‍ മലയാളി സാനിധ്യം എപ്പോഴുമുണ്ടെന്നും കമല്‍ഹാസല്‍ കൂട്ടിച്ചേര്‍ത്തു.
വെത്യസ്തത നിറഞ്ഞ ആക്ഷന്‍ ത്രല്ലറാണ് വിക്രം. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസൻ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വൻതാരനിര അണിനിരക്കുന്ന ചിത്രത്തിൽ കമൽ ഹാസനെ കൂടാതെ വിജയ് സേതുപതി, സൂര്യ എന്നിവരും പ്രധാനവേഷത്തിലെത്തും. ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങി മലയാള താരനിരയും വിക്രമില്‍ പ്രത്യക്ഷപ്പെടും. വിക്രമിലെ ഗാനങ്ങൾക്ക് കമല്‍ഹാസല്‍ വരികളും എഴുതിയിട്ടുണ്ട്.
വിക്രമിന്‍റെ ടീസര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു. സിനിമയുടെ റിലീസിന് മുമ്പ് തന്നെ ഒ.ടി.ടി അനുമതിയിലൂടെ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയെന്ന പ്രത്യേകതയും വിക്രമിനുണ്ട്. വെളളിയാഴ്ചയാണ് സിനിമ തിയേറ്ററുകളിലെത്തുക.