വിവാഹ ചിത്രങ്ങൾ പുറത്ത് വിട്ട് ദുബായ് രാജകുമാരി. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ മെഹ്റയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ സ്വന്തം വിവാഹ ചിത്രങ്ങൾ പങ്കുവച്ചത്. ഇതിന് മുൻപ് വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ പുറത്ത് വീട്ടിരുന്നെങ്കിലും വരനും വധുവും ഒരുമിച്ചുള്ള ചിത്രങ്ങൾ ആദ്യമായാണ് പങ്കുവയ്ക്കുന്നത്.
ചിത്രത്തിൽ തൂവെള്ള നിറത്തിലുള്ള ഗൗണാണ് രാജകുമാരി ധരിച്ചിരിക്കുന്നത്. അതേസമയം വരൻ അണിഞ്ഞിരിക്കുന്നത് അറബ് പാരമ്പര്യം പ്രതിഫലിക്കുന്ന പരമ്പരാഗത വസ്ത്രമാണ്. ഇരുവരും കൈകൾ കോർത്ത് നടന്നു വരുന്നതും ഭീമാകാരമായ കേക്ക് മുറിക്കുന്നതും വരൻ വധുവിന്റെ നെറ്റിയിൽ ചുംബിക്കുന്നതുമായ ചിത്രങ്ങളാണ് രാജകുമാരി പുറത്ത് വിട്ടിരിക്കുന്നത്.
യുകെ യുണിവേഴ്സിറ്റിയിൽ നിന്ന് ഇന്റർനാഷനൽ റിലേഷൻസിൽ ബിരുദം നേടിയ ഷെയ്ഖ മെഹ്റ, ദുബായിയുടെ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമാണ്. യുവ വ്യവസായിയും റിയൽ എസ്റ്റേറ്റ് , ഐടി സംരംഭകനുമായ ഷെയ്ഖ് മനാ ബിൻ മുഹമ്മദ് അൽ മക്തൂമാണ് ഷെയ്ഖ മെഹ്റയുടെ വരൻ.