ജിദ്ദയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ ബുധനാഴ്ച വീണ്ടും തുറന്നു. നയതന്ത്രബന്ധം പുനരാരംഭിക്കുന്നതിനായി കഴിഞ്ഞ മാർച്ചിൽ സൗദി അറേബ്യയും ഇറാനും ഒപ്പുവെച്ച ചൈനീസ് ഇടനില ഉടമ്പടി നടപ്പാക്കുന്നതിൻ്റെ വിപുലീകരണമായാണ് നീക്കം.ഏഴു വർഷത്തിന് ശേഷമാണ് ഇരുരാജ്യങ്ങളും നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ മക്ക മേഖലയിലെ വിദേശകാര്യ മന്ത്രാലയ ബ്രാഞ്ച് ഡയറക്ടർ ജനറൽ മാസെൻ ബിൻ ഹമദ് അൽ ഹമാലി, ഇറാൻ കോൺസുലർ അഫയേഴ്‌സ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലി റെസ ബെക്‌ഡ്‌ലി, ഇറാൻ ചാർജ് ഡി അഫയർ ഹസൻ സർനേഗർ എന്നിവർ പങ്കെടുത്തു. ചൊവ്വാഴ്ചയാണ് റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിൽ ഇറാൻ എംബസി തുറന്നത്.
നേരത്തെ സൗദി തലസ്ഥാനമായ റിയാദിലെ എംബസിയും കോൺസുലേറ്റ് ജനറലും ജിദ്ദയിലെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ്റെ (ഒഐസി) ടെഹ്‌റാൻ പ്രതിനിധി ഓഫീസും ഔദ്യോഗികമായി പുനഃസ്ഥാപിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി അറിയിച്ചിരുന്നു.
ജൂൺ അവസാനത്തോടെ ഹജ്ജ് നിർവഹിക്കാൻ സൗദി അറേബ്യയിലേക്ക് പോകുന്ന ഇറാനിയൻ തീർഥാടകരെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ റിയാദിലെ എംബസിയും ജിദ്ദയിലെ കോൺസുലേറ്റ് ജനറലും ഇതിനകം ആരംഭിച്ചതായും അധികൃതർ സൂചിപ്പിച്ചു.
മാർച്ചിൽ ഉണ്ടാക്കിയ ചൈനീസ് ഇടനില ഉടമ്പടി പ്രകാരമാണ് സൗദി അറേബ്യയും ഇറാനും ബന്ധം പുനഃസ്ഥാപിക്കാൻ സമ്മതിച്ചത്. 2016 ൽ ടെഹ്‌റാനിലെ സൗദി എംബസിക്കും മഷാദിലെ കോൺസുലേറ്റിനും നേരെയുണ്ടായ ആക്രമണത്തെത്തുടർന്നാണ് ഇരുരാജ്യങ്ങളും പരസ്പരം അകന്നത്.