ഇസ്രായേലുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പുവച്ച് യുഎഇ. ചരിത്രത്തില്‍ ആദ്യമായാണ് ഒരു അറബ് രാജ്യവുമായി സമാന കരാര്‍ ഇസ്രായേല്‍ ഒപ്പുവയ്ക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ ഇസ്രായേലുമായും കരാറില്‍ ഏര്‍പ്പെട്ടതോടെ യുഎഇ വിപണിയും സാമ്പത്തിക മേഖലയും പുതിയ ഉണര്‍വ്വിേലക്കെത്തുമെന്നാണ് നിഗമനം. ഇസ്രയേല്‍ സാമ്പത്തിക-വ്യവസായ മന്ത്രി ഒർന ബാർബിവായും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മാരിയുമാണ് കരാറില്‍ ഒപ്പുവച്ചത്.
ഇരുരാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാരം ഉറപ്പുവരുത്തുന്നതാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍. ഊര്‍ജം , പരിസ്ഥിതി, ആധുനിക സാങ്കേതി വിദ്യ തുടങ്ങി നിര്‍ണായക മേഖലകളിലെ സഹകരണം പുതിയ വാണിജ്യതലങ്ങളിലേക്ക് വാതായനങ്ങൾ തുറക്കും. അടിസ്ഥാന തലങ്ങളായ കാര്‍ഷിക- ഭക്ഷ്യ- ആരോഗ്യ മേഖലയിലും സഹകരണം ശക്തമാക്കും.
കസ്റ്റംസ് തീരവയില്‍ ഇളവോടെ 96 ശതമാനം ഉല്‍പ്പന്നങ്ങളും കയറ്റുമതിചെയ്യാനും ഇറക്കുമതി ചെയ്യാനും സാധിക്കുന്നതാണ് കരാര്‍. ചെറുകിട- ഇടത്തരം മേഖലയിലും വലിയ അവസരങ്ങളാണ് തുറക്കുന്നത്. വിവിധ സഹകരണ ഉടമ്പടികൾ നിലവിലുണ്ടെങ്കിലും സമഗ്ര വ്യാപാര കരാര്‍ ഇസ്രായേലുമായുളള യുഎഇയുടെ ബന്ധത്തെ കൂടുതല്‍ ശക്തമാക്കുമെന്നാണ് വിലയിരുത്തല്‍.