പുതിയ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. തുടർച്ചയായ രണ്ടാം തവണയും പലിശ നിരക്കിൽ മാറ്റമില്ല. 2023–24 സാമ്പത്തിക വർഷത്തെ യോഗം ജൂൺ 6 മുതൽ 8 വരെയുള്ള തീയതികളിൽ നടന്നിരുന്നു. പണപ്പെരുപ്പം ലോകരാജ്യങ്ങളിൽ പിടിമുറുക്കുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 2022–23 വർഷത്തിൽ കോവിഡിനു മുൻപത്തെ നിലയിലേക്കു രാജ്യത്തെ ജിഡിപി എത്തി. ഉപഭോക്തൃ പണപ്പെരുപ്പം (കൺസ്യൂമർ പ്രൈസ് ഇൻഡക്സ്) ഇപ്പൊഴും 4 ശതമാനത്തിനു മുകളിലാണ്.
തുടർച്ചയായി രണ്ടാം തവണയാണ് നിരക്കുകളിൽ മാറ്റം പ്രഖ്യാപിക്കാതെ മോണിറ്ററി പോളിസി യോഗം അവസാനിച്ചത്. ഈ യോഗത്തിലെ തീരുമാനമാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചത്. 2023–24 വർഷവും ഈ പരിധിയിൽ തുടരുമെന്നാണ് റിസർവ് ബാങ്കിന്റെ കണക്കുകൂട്ടൽ. പണപ്പെരുപ്പം പരിധിയിലാകുന്നതു വരെ മറ്റു നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നും ഗവർണർ അറിയിച്ചു.
2023–24 സാമ്പത്തിക വർഷത്തെ യോഗമാണ് ജൂൺ 6 മുതൽ 8 വരെയുള്ള തീയതികളിൽ റിസർവ് ബാങ്ക് ആസ്ഥാനത്തു നടന്നത്. ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതിയാണ് നിരക്കു സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. മോണിറ്ററി പോളിസി കമ്മിറ്റി രൂപീകൃതമായതിനു ശേഷമുള്ള 43–ാമത്തെ യോഗമാണ് ജൂൺ 6 മുതൽ 8 വരെയുള്ള തീയതികളിൽ നടന്നത്.