കാറിൽ നിന്നും കളഞ്ഞുകിട്ടിയ പണം പൊലീസിന് കൈമാറിയ പാക് പൗരനെ ദുബായ് പൊലീസ് ആദരിച്ചു. യാത്രക്കാരൻ കാറിൽ മറന്നുവെച്ച 101,000 ദിർഹം (27,500 ഡോളർ) പോലീസിന് കൈമാറിയ പാക്കിസ്ഥാൻ പൗരൻ മുഹമ്മദ് സുഫിയാൻ റിയാദിനെ (28) ആണ് ദുബായ് പോലീസ് ആദരിച്ചത്.
ദുബായിലെ ഒരു ലിമോസിൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് മുഹമ്മദ് സുഫിയാൻ റിയാദ്. മെയ് 23 ന് ഒരു യാത്രക്കാരനെ അയാൾ അവശ്യപ്പെട്ടിടത്ത് ഇറക്കിവിട്ട ശേഷം വാഹനം ഓടിച്ചുപോവുകയായിരുന്ന റിയാദ് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് കാറിൽ പണം അടങ്ങിയ പാക്കറ്റ് കണ്ടത്. ഉടൻ തന്നെ അൽ ബർഷ പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ പണം പൊലീസിന് കൈമാറുകയായിരുന്നു.
യുവാവിന്റെ സത്യസന്ധതയെയും സന്മനസിനെയും ദുബായ് പൊലീസ് അഭിനന്ദിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അൽ ബർഷ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗ് മജീദ് അൽ സുവൈദിയാണ് റിയാദിനെ ആദരിച്ചത്. റിയാദിന്റെ സത്യസന്ധതയിൽ അഭിമാനിക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.