ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തുന്ന സമയത്ത് പ്രതി സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. രക്തത്തിലും മൂത്രത്തിലും ലഹരിയുടെ അംശമില്ല. സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇരുറിപ്പോർട്ടുകളും കൊട്ടാരക്കര ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് പ്രതി സന്ദീപ് ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തുമ്പോൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രധാന സംശയം. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് വിലയിരുത്തുന്നത്. പേരൂർക്കട മാനസികാരോഗ്യ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘമാണ് സന്ദീപിന്റെ മാനസികനില പരിശോധിച്ചത്. തുടർന്നാണ് ഇയാൾ മാനസിക പ്രശ്നങ്ങളുള്ള വ്യക്തിയല്ല എന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കിയത്.
പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചു നിരീക്ഷിച്ചു വരികയാണ്. കേസിൽ കുറ്റപത്രം വളരെ പെട്ടെന്ന് തയ്യാറാക്കാനാണ് അന്വേഷണ സംഘം ഇപ്പോൾ ശ്രമിക്കുന്നത്.