സംസ്ഥാന സർക്കാർ റേഷൻ വിതരണം നിർത്തിവച്ച് പാവപ്പെട്ടവരുടെ അന്നം മുട്ടിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും റേഷന്‍ വിതരണം മുടങ്ങിയത് ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായ കുറ്റകരമായ വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഭക്ഷ്യവിഭവങ്ങൾക്കായി റേഷന്‍ കടകളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരുടെ ദുരിതം അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താതെ സംസ്ഥാന സര്‍ക്കാരും സംസ്ഥാന ഭക്ഷ്യ വകുപ്പും നിഷ്ക്രിയമായി നില്‍ക്കുകയാണ്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയത്തില്‍ ശാശ്വത പരിഹാരം കാണാത്ത സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നതെന്നും സതീശൻ പറഞ്ഞു.
സാങ്കേതിക പിഴവിന്റെ പേരില്‍ വ്യാഴാഴ്ച മുതലാണ് റേഷന്‍ വിതരണം മുടങ്ങിയത്. ഇപോസ് സംവിധാനത്തിന്റെയും അത് നിയന്ത്രിക്കുന്ന സെര്‍വറിന്റെയും തകരാര്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. കഴിഞ്ഞ ഏഴ് മാസത്തിലേറെയായി ഇപോസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടെങ്കിലും അത് പരിഹരിക്കാന്‍ ഭക്ഷ്യവകുപ്പിനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.