ഒഡീഷ ട്രെയിൻ അപകടത്തിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകും. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ട്വിറ്ററിലൂടെ നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും റെയിൽവേ മന്ത്രി അറിയിച്ചു. അപകട സ്ഥലത്തേക്ക് പുറപ്പെട്ടതായും രക്ഷാപ്രവർത്തനത്തിന് സാധ്യമായ വഴികൾ തേടുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇതിന് പുറമെ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് തുക നൽകുക. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.