രാജ്യത്തെ ഒട്ടാകെ നടുക്കിയ ഒഡീഷയിലെ ട്രെയിനപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ബോളിവുഡ് താരങ്ങൾ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ എണ്ണം 280 കടന്നു എന്നാണ് ഔദ്യോഗിക വിവരങ്ങൾ. ബാലസോറിന് സമീപമുള്ള ബഹനഗാ സ്റ്റേഷന് സമീപത്ത് വെച്ചാണ് ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ്സ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. പന്ത്രണ്ട് കോച്ചുകൾ പാളം തെറ്റി എതിർവശത്തുള്ള പാളത്തിലേക്ക് വീണു.
എന്നാൽ അൽപ്പസമയത്തിനകം തന്നെ യശ്വന്ത്പുരിൽ നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന ട്രെയിൻ അതുവഴി വരികയും ഇത് പാളം തെറ്റിക്കിടന്ന ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ്സുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തിന് കാരണമായിരുന്ന ഗുഡ്സ് ട്രെയിൻ സംഭവസ്ഥലത്തെ ലൂപ്പ് ട്രാക്കിൽ നിർത്തി ഇട്ടിരിക്കുകയായിരുന്നു.
ദാരുണവും ലജ്ജാകരവുമാണ് ഈ അപകടം. മൂന്ന് ട്രെയിനുകൾ എങ്ങനെയാണ് കൂട്ടിയിടിക്കുക? ആരാണ് ഇതിന് ഉത്തരം പറയുക? സങ്കടകരമായ ഈ വേളയിൽ എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കുന്നു. ഓം ശാന്തി എന്ന് കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി ട്വിറ്ററില്‍ കുറിച്ചു. അതി ഭയാനകം, വലിയൊരു ദുരന്തമാണിത് എന്നാണ് ബോളിവുഡ് നടന്‍ മനോജ് ബാജ്പേയി പ്രതികരിച്ചത്. അതേസമയം ദാരുണമായ ഈ ട്രെയിൻ അപകടത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് സണ്ണി ഡിയോളും ട്വീറ്റ് ചെയ്തു.
അപകടത്തെ കുറിച്ച് അറിഞ്ഞപ്പോൾ വലിയ സങ്കടമുണ്ടായി. മരിച്ചവരുടെ ആത്മാവിന് ദൈവം നിത്യശാന്തി നൽകട്ടെ. നിർഭാഗ്യകരമായ അപകടത്തിൽ നിന്ന് കുടുംബങ്ങളെയും പരിക്കേറ്റവരെയും സംരക്ഷിക്കുകയും ശക്തി നൽകുകയും ചെയ്യട്ടെയെന്ന് സൽമാൻ ഖാൻ ട്വീറ്റ് ചെയ്തു. വികാര നിർഭരമായ കുറിപ്പാണ് നടി പരിനീതി ചോപ്ര ട്വിറ്ററിൽ പങ്കുവച്ചത്. ഒഡീഷയിലുണ്ടായ ദാരുണമായ അപകടങ്ങളിൽ ഉൾപ്പെട്ട എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നു. അവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും ദുഃഖം താങ്ങാനുള്ള ശക്തി ലഭിക്കാനും എത്രയും വേഗം സുഖം പ്രാപിക്കാനും കഴിയട്ടെ. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്ന് പരിനീതി കുറിച്ചു.
അതേസമയം ഈ അപകടം ഹൃയഭേദകമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് അനുശോചനവും രേഖപ്പെടുത്തുന്നു. ഓം ശാന്തി എന്ന് അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു. സോനു സൂദ്, ജൂനിയര്‍ എന്‍ടിആര്‍, കരീന കപൂര്‍,വരുണ്‍ ധവാന്‍, ശില്‍പ ഷെട്ടി, ദിയ മിര്‍സ എന്നീ താരങ്ങളും അനുശോചനം രേഖപ്പെടുത്തി.