വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ ഉണ്ടായ ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ 28 കടന്നു. 900ലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. സംഭവം നടന്ന ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിന്യസിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ദുരന്തത്തെ തുടർന്ന് ഒഡിഷ സർക്കാർ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് സർക്കാർ തലത്തിൽ ഉള്ള ആഘോഷ പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്.
റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ് ശിവശങ്കറും ഇന്ന് ഒഡിഷയിലെത്തുമെന്ന് അധികൃതർ അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഒഡിഷ മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും അധികൃതർ കൂട്ടിച്ചേർത്തു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പടുത്തി. റെയിൽവേ മന്ത്രിയുമായി സംസാരിച്ച് വിവരങ്ങൾ തിരക്കി. അപകടത്തിൽപെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് ട്രെയിൻ അപകടങ്ങൾ ഉണ്ടായത്. ആകെ മൂന്ന് ട്രെയിനുകൾ അപകടത്തിൽപ്പെട്ടു. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം ഗുഡ്സ് ട്രെയിനിലിൽ ഇടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റി. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതോടെ ദുരന്തത്തിന്റെ തീവ്രത വർധിച്ചു.
അതേസമയം രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘവും ഒഡിഷയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. തൃശൂര്‍ സ്വദേശികളായ നാലുപേര്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നതായും അധികൃതർ വ്യക്തമാക്കി.