ഒമാനിലെ വേനൽ മാസങ്ങളിൽ വൈദ്യുതി,വാട്ടർ നിരക്കുകൾ 15 ശതമാനം കുറക്കാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നിർദ്ദേശം നൽകി. ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിലായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുക. കുറഞ്ഞ വരുമാനക്കാർക്കാണ് നിരക്കിളവിന്റെ ആനുകൂല്യം പൂർണമായി ലഭിക്കുക. സുൽത്താന്റെ അധ്യക്ഷതയിൽ നടന്ന മന്ത്രി സഭ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
അതേസമയം പാർപ്പിട നഗര വികസന മന്ത്രാലയത്തിന് കീഴിലുള്ള ഭവന നിർമാണ പദ്ധതികൾക്ക് 26.4 ദശലക്ഷം റിയാലിന്റെ സാമ്പത്തിക സഹായത്തിനും യോഗം അംഗീകാരം നൽകിയിട്ടുണ്ട്. പത്താം പഞ്ചവത്സര പദ്ധതിയുടെ ബാക്കി വരുന്ന കാലങ്ങളിൽ ചില ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് വീടുകൾ നിർമിച്ചു നൽകാനും ഇത്തരക്കാരെ സുരക്ഷിത മേഖലകളിലക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്.
ഒമാൻ ഫ്യൂച്ചർ ഫണ്ട് എന്ന പേരിൽ നിക്ഷേപ ഫണ്ട് ആരംഭിക്കാനും സുൽത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. രണ്ട് ശതകോടി റിയാൽ മൂല ധനമുള്ള ഈ പദ്ധതി സാമ്പത്തിക പദ്ധതികൾ നടപ്പാക്കാനും സ്വകാര്യ മേഖലയെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് ആവശ്യമായ പദ്ധതികൾക്ക് പ്രോത്സാഹനം നൽകാനും സഹായകമാവുമെന്ന് വിലയിരുത്തുന്നു. ഫണ്ടിന്റെ ഒരു ഭാഗം ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ വളർച്ചക്ക് വിനിയോഗിക്കും.