അബുദാബിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (സിഎസ്ഐ) ഇടവക കാലതാമസമില്ലാതെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. അബുദാബിയില്‍ സംഘടിപ്പിച്ച സര്‍വ്വമത സമ്മേളനത്തില്‍ വികാരി ലാൽജി എം.ഫിലിപ്പാണ് ഇക്കാര്യം അറിയിച്ചത്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും വൈദ്യുതി, വെള്ളം, റോഡ് കണക്ഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായി കാത്തിരിക്കുകയാണ് വിശ്വാസികൾ.
യുഎഇ നേതാക്കളോട് നന്ദിയുളളവരാണെന്നും യുഎഇ പ്രസിഡന്റായ ശൈഖ് മുഹമ്മദിനെ അഭിനന്ദിക്കുന്നന്നും വികാരി ലാൽജി എം.ഫിലിപ്പ് പറഞ്ഞു. 760 വിശ്വാസി കുടുംബങ്ങളെ ഉൾക്കൊളളാനുളള ശേഷിയിലാണ് പളളിയുടെ നിര്‍മ്മാണം. സിഎസ് െഎ വിഭാഗത്തിന് അബുദാബിയിൽ 750 അംഗങ്ങളും രാജ്യത്ത് 5,000 അംഗങ്ങളുമാണ് നിലവിലുളളത്.
2019 ഡിസംബർ 7നായിരുന്നു പളളിയുടെ ശിലാസ്ഥാപനം. മാലാഖയുടെ ചിറകുകളെ അനുസ്മരിപ്പിക്കും വിധമാണ് ദേവാലയത്തിന്റെ പുറത്തെ രൂപകല്‍പ്പനകൾ. വിവിധ ഭാഗങ്ങളിലായി ബൈബിൾ തീമുകളും പ്രതിഫലിപ്പിക്കുന്നുണ്ട്. ജാതി, മത ഭേദമന്യെ ആളുകൾക്ക് പ്രവേശിക്കാവുന്ന മതസൗഹാർദ കേന്ദ്രമായി ദേവാലയത്തെ നിലനിര്‍ത്തും.
യുഎഇ ഭരണാധികാരികൾ വിഭാവനം ചെയ്യുന്ന സഹിഷ്ണുത, സഹവർത്തിത്വം, സഹകരണം എന്നിവയെ പ്രതിനിധീകരിക്കുന്ന പള്ളിയുടെ ലോഗോയുടെ പ്രാധാന്യം വികാരി ചൂണ്ടിക്കാട്ടി. യുഎഇ തലസ്ഥാനത്ത് സാഹോദര്യം പങ്കിടാൻ അവസരം ലഭിച്ചതിൽ വിശ്വാസികൾ സന്തുഷ്ടരാണെന്നും ലാല്‍ജി എം ഫിലിപ്പ് വ്യക്തമാക്കി.
സമ്മേളനത്തില്‍ പൂജ്യ ബ്രഹ്മവിഹാരി സ്വാമിയുടെ നേതൃത്വത്തിൽ ബാപ്സ് ഹിന്ദു മന്ദിറിൽ നിന്നുള്ള പ്രതിനിധി സംഘവും പങ്കെടുത്തു. ബാപ്സ് ഹിന്ദു മന്ദിറിന് സമീപത്താണ് സിഎസ്െഎ പളളിയും നിര്‍മ്മിക്കുന്നത്.