സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് വൈകിട്ട് 5 മണിക്ക് പ്രഖ്യാപിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തുക. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ അന്തിമ ജൂറിയാണ് ചിത്രങ്ങളെല്ലാം കണ്ട് വിലയിരുത്തിയത്. പ്രാഥമിക ജൂറിക്ക് മുന്നിലെത്തിയ 142 ചിത്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 45 ചിത്രങ്ങൾ അന്തിമ ജൂറിക്ക് വിടുകയായിരുന്നു.
മലയാളത്തിലെ സൂപ്പർ താരങ്ങൾ മമ്മൂട്ടിയും മോഹന്‍ലാലും മക്കളായ ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലിനുമൊപ്പം മികച്ച നടനുള്ള പുരസ്കാരത്തിനായി മത്സര രംഗത്തുണ്ട് എന്ന പ്രത്യേകതയും ഈ വർഷമുണ്ട്. വൺ, ദ പ്രീസ്റ്റ് എന്നിവയാണ് മമ്മൂട്ടിയുടെ ചിത്രങ്ങൾ. ദൃശ്യം 2 ആണ് മോഹൻലാൽ ചിത്രം. കാവൽ എന്ന ചിത്രവുമായി സുരേഷ് ഗോപിയും മത്സരിക്കാനുണ്ട്. കൂടാതെ ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമ്മൂട്, ഗുരു സോമസുന്ദരം എന്നിവരും നടന്മാരുടെ പട്ടികയിലുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ദിലീപ്, ബിജു മേനോൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ജോജു ജോർജ്, ചെമ്പൻ വിനോദ്, ആസിഫ് അലി, നിവിൻ പോളി, സൗബിൻ ഷാഹിർ, സണ്ണി വെയ്ൻ, അനൂപ് മേനോൻ, ഉണ്ണി മുകുന്ദനുമെല്ലാം കാത്തിരിപ്പിലാണ്.
റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം, വിനീത് ശ്രീനിവാസന്റെ ഹൃദയം എന്നീ ചിത്രങ്ങൾ മത്സരിക്കാനുണ്ട്. നിഷിദ്ധോ, ആണ്, ഖെദ്ദ, അവനോവിലോന, ദ് പോർട്രെയ്റ്റ്സ് എന്നിവ മികച്ച സിനിമയ്ക്കായി മത്സരിക്കുന്നു. സംവിധായകന് ജയരാജിന്റെ 3 ചിത്രങ്ങളാണ് മത്സരരംഗത്തുള്ളത്.
മികച്ച നടി ആരെന്നതിൽ ഇത്തവണ മത്സരം അല്പം കടുക്കും. മഞ്ജു വാര്യർ, പാർവതി തിരുവോത്ത്, കല്യാണി പ്രിയദർശൻ, നിമിഷ സജയൻ, അന്ന ബെൻ, രജീഷ വിജയൻ, ദർശന രാജേന്ദ്രൻ, ഐശ്വര്യലക്ഷ്മി, ഉർവശി, സുരഭി ലക്ഷ്മി, ഗ്രേസ് ആന്റണി, വിൻസി അലോഷ്യസ്, ശ്രുതി രാമചന്ദ്രൻ എന്നിങ്ങനെ നീണ്ട നടിമാരുടെ പട്ടികയുണ്ട്.