ഇന്ത്യയിൽ 2,000 രൂപ നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്ന് യുഎഇയിൽ നോട്ട് മാറാൻ മണി എക്സ്ചേഞ്ചുകൾ വിസമ്മതിച്ചു. ഇതോടെ യുഎഇയിലെ ഇന്ത്യൻ വിനോദസഞ്ചാരികൾ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
2000 രൂപയുടെ നോട്ട് വിനിമയത്തിൽ നിന്ന് പിൻവലിക്കാനുള്ള തീരുമാനം അടുത്തിടെയാണ് ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചത്. ഇത് നിരവധി ഇന്ത്യൻ പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും അവരുടെ 2,000 രൂപ നോട്ടുകൾ മാറാൻ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് കൊണ്ടുപോയ 2000 രൂപയുടെ കറൻസികൾ മാറാൻ സാധിക്കാതെയാണ് ജനങ്ങൾ ദുരിതമനുഭവിക്കുന്നത്.
ഇന്ത്യയിൽ പൊതുജനങ്ങൾക്ക് തങ്ങളുടെ കൈവശമുള്ള 2000 രൂപ നോട്ടുകൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയോ അല്ലെങ്കിൽ വ്യത്യസ്ത നോട്ടുകളായി മാറ്റി നൽകുകയോ ചെയ്യണമെന്ന് കേന്ദ്ര ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ യുഎഇയിലുള്ളവർക്ക് ഇത് സാധ്യമല്ല. നോട്ട് മാറാനെത്തുന്നവർക്ക് നോട്ട് ഇന്ത്യയിൽ തന്നെ മാറണമെന്ന നിർദേശമാണ് മണി എക്സ്ചേഞ്ചുകൾ നൽകുന്നത്. എന്നാൽ ഒരു മാസത്തെയോ രണ്ട് മാസത്തെയോ വിസയിൽ യുഎഇയിലെത്തിയവർക്ക് ഇത് സാധ്യമല്ല എന്നതാണ് പ്രധാന പ്രശ്നം.