അർബുദ രോഗിയായ ആരാധികയുടെ അവസാനത്തെ ആഗ്രഹം നിറവേറ്റി ബോളിവുഡ് താരം ഷാറൂഖ് ഖാൻ. അറുപതുകാരിയായ പശ്ചിമ ബംഗാൾ സ്വദേശിനി ശിവാനി ചക്രവര്‍ത്തിയാണ് മരിക്കുന്നതിന് മുന്‍പ് ഷാരൂഖിനെ നേരില്‍ കാണണമെന്നുളള ആഗ്രഹം പ്രകടിപ്പിച്ചത്. ഇക്കാര്യം അറിഞ്ഞ കിംഗ് ഖാൻ വിഡിയോ കോളിലൂടെയാണ് ശിവാനി ചക്രവർത്തിയുടെ ആഗ്രഹം സാധിച്ചത്.
ഷാരൂഖ് ഖാന്റെ കടുത്ത ആരാധികയാണ് ശിവാനി. ഏതാനും വര്‍ഷങ്ങളായി ക്യാൻസർ ബാധിച്ച് ചികിത്സയിലാണ് ഈ അറുപതുകാരിയ്ക്ക് ഷാരൂഖ് ഖാനെ നേരില്‍ കാണണമെന്നുളളതായിരുന്നു അവസാനത്തെ ആഗ്രഹം. ‘ദിവസങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി. ഇനി അധികകാലം ജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. മരിക്കുന്നതിന് മുന്‍പ് ഒരു ആഗ്രഹമുണ്ട്. അതിനെ അവസാന ആഗ്രഹമെന്ന് വിളിക്കാം. ഷാരൂഖ് ഖാനെ നേരിട്ട് കാണണം. കൂടാതെ അദ്ദേഹത്തിന് സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയ ബംഗാളി ഭക്ഷണം നല്‍കണം. അദ്ദേഹം അത് ആസ്വദിച്ച് കഴിക്കുമെന്ന് വിചാരിക്കുന്നു എന്നും ശിവാനി പറഞ്ഞു.
ആരാധികയുടെ ആഗ്രഹം അറിഞ്ഞ താരം വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ടത്. ആരാധികയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുമെന്നും കൊൽക്കത്തയിലെ വീട്ടിലെത്തി ഭക്ഷണം കഴിക്കുമെന്നും ഷാറൂഖ് ഉറപ്പ് നൽകി. ഏകദേശം 30 മിനിറ്റിലധികം ഇരുവരും വീഡിയോ കോളിലൂടെ സംസാരിച്ചു. ക്യാൻസറിന്റെ അവസാന സ്റ്റേജിലെത്തിയ ഇവർക്ക് സാമ്പത്തിക സഹായവും നടൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.