നാളെ മുതൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു. രാജ്യത്ത് 2000 രൂപയുടെ നോട്ട് നിരോധിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്മെന്റ് ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. നേരത്തേ ബിവറേജസ് കോർപറേഷനും സമാന രീതിയിലുള്ള തീരുമാനം എടുത്തിരുന്നു. ബിവറേജുകളിൽ ഇനി രണ്ടായിരം രൂപയുടെ നോട്ട് സ്വീകരിക്കേണ്ട എന്ന സർക്കുലർ പുറത്തിറക്കിയിരുന്നു.
മെയ് 19നാണ് ആർബിഐ രണ്ടായിരം രൂപയുടെ നോട്ട് നിരോധിച്ചത്. 2016ൽ നോട്ട് നിരോധിച്ച കാലത്ത് പെട്ടെന്നുണ്ടായ കറൻസി ക്ഷാമം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടൊണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയതെന്ന് ആർബിഐ വിശദീകരിച്ചു. അന്ന് പഴയ 500,1000 നോട്ടുകൾ നിരോധിച്ച സാഹചര്യത്തിലായിരുന്നു 2000 രൂപ നോട്ടുകൾ പുറത്തിറക്കിയത്.
എന്നാൽ ഇപ്പോൾ കറൻസിയിലെ കുറവ് പരിഹരിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ 500,200 നോട്ടുകൾ കൊണ്ട് ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനാവുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ 2000 നോട്ടുകളുടെ ഉപയോഗം കുറവാണെന്നാണ് കണ്ടെത്തി. ജനങ്ങളുടെ കൈവശമുള്ളതിൽ ഭൂരിഭാഗവും 2017 മാർച്ചിന് മുൻപ് പുറത്തിറക്കിയിട്ടുള്ള 2000 രൂപയുടെ നോട്ടുകളാണ്. കൂടാതെ 2018-19 കാലത്ത് 2000 രൂപാ നോട്ടുകളുടെ അച്ചടി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തിൽ 2000 രൂപാ നോട്ടുകൾ ആവിഷ്കരിച്ചതിന്റെ ലക്ഷ്യം പൂർത്തിയായി എന്ന് വിലയിരുത്തുകയും പിൻവലിക്കാൻ തീരുമാനിക്കുകയും ചെയ്തതെന്ന് ആർബിഐ വ്യക്തമാക്കി.