ബഹിരാകാശ ചരിത്രത്തിലേക്ക് പുതിയ റെക്കോർഡുകൾ എഴുതിച്ചേർക്കാനൊരുങ്ങി സൌദി. ആദ്യത്തെ സൗദി അറബ് മുസ്ലിം വനിതാ ബഹിരാകാശ സഞ്ചാരി കൂടി ഉൾപ്പെട്ട സൗദി അറേബ്യയുടെ രണ്ടംഗ ബഹിരാകാശ സംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ISS) മെയ് 22 ന് തിങ്കളാഴ്ച പുലർച്ചെ യാത്രയാകും. സൗദി സ്‌പേസ് അതോറിറ്റിയുടെ കീഴിൽ 2022 സെപ്തംബർ 22 ന് തുടക്കമിട്ട ബഹിരാകാശ യാത്രാ പദ്ധതിയാണ് അവസാന ഘട്ടത്തിലേക്ക് എത്തുന്നത്.
വനിതാ സഞ്ചാരി റയ്യാന ബെർണായും സംഘാംഗമായ അലി അൽഖർനിയും യാത്രക്കുളള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ 1.37( യുഎഇ സമയം)നാണ് സ്പെയ്സ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ഇരുവരുടേയും യാത്ര. പതിനാറ് മണിക്കൂർ യാത്രയ്ക്ക് ശേഷം തിങ്കളാഴ്ച വൈകിട്ട് സംഘം ബഹിരാകാശ സ്റ്റേഷനിൽ എത്തിച്ചേരും.
മനുഷ്യശാക്തീകരണം ലക്ഷ്യമാക്കിയുള്ള മൈക്രോഗ്രാവിറ്റി പരിതസ്ഥിതിയിൽ 14 പുത്തൻ ശാസ്ത്ര ഗവേഷണ പരീക്ഷണങ്ങൾ സൗദി ബഹിരാകാശ യാത്രയിലൂടെ ഉണ്ടാവുമെന്നും സൗദി സ്‌പേസ് അതോറിറ്റി വിവരിച്ചു. പരീക്ഷണങ്ങളിൽ ചിലത് ആദ്യമായാണ് ബഹിരാകാശ സ്‌റ്റേഷനിൽ വച്ച് നടത്തുന്നതെന്നും സ്പെയ്സ് അതോറിറ്റി വിശദമാക്കി.
ഇതോടെ ഒരേ സമയം ഒരേ രാജ്യക്കാരായ രണ്ട് ബഹിരാകാശയാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കാൻ കഴിയുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി മാറും സൗദി അറേബ്യ.കഴിഞ്ഞ മാസം രണ്ടു യാത്രികരെയും സൗദി കിരീടാവകാശിയും സ്‌പേസ് അതോറിറ്റി അധ്യക്ഷനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേരിൽകണ്ട് യാത്രാ മംഗളവും വിജയാശംസകളും നേർന്നിരുന്നു.
നിലവിൽ യുഎഇ ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽ നെയാദിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ട്. അറബ് ബഹിരാകാശ യാത്രികരുടെ അപൂർവ്വ സംഗമത്തിനും ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം സാക്ഷിയാകും.