മതിയായ രേഖകൾ ഇല്ലാതെ മക്കയിലേയ്ക്ക് കടക്കാൻ ശ്രമിച്ച മലയാളി യുവാവിന് പിഴ. മലപ്പുറം വാഴക്കാട് സ്വദേശി നൗഷാദിനാണ് മക്ക പോലീസ് പിഴ ചുമത്തിയത്. സന്ദർശന വീസയിൽ ജിദ്ദയിലേക്ക് എത്തിയ മാതാപിതാക്കൾ അടക്കമുള്ള കുടുംബത്തെ ഉംറ നിർവഹിക്കുന്നതിനായി മക്കയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ ഹജ്ജിന് മുന്നോടിയായി മക്കയിലേയ്ക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
മക്ക ചെക്ക് പോസ്റ്റിൽ രേഖകൾ പരിശോധിച്ച ശേഷം 500 റിയാൽ പിഴ ചുമത്തി ജിദ്ദയിലേയ്ക്ക് തിരിച്ചയച്ചു. അതേസമയം നിയമത്തിലെ പുതിയ മാറ്റങ്ങളെ കുറിച്ച് അറിയാതെയാണ് നൗഷാദ് കുടുംബവുമായി യാത്ര ചെയ്തത്. പുതിയ മാറ്റങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. കൂടാതെ കുടുംബത്തിന് ഉംറ അനുമതി പത്രം ഉണ്ടായിരുന്നെങ്കിലും നൗഷാദിന് അത് ഉണ്ടായിരുന്നില്ല.