അന്താരാഷ്ട്ര മ്യൂസിയം ദിനത്തിന്റെ ഭാഗമായി ഖത്തർ മ്യൂസിയംസ് രാജ്യത്തെ എല്ലാ മ്യൂസിയങ്ങളിലേക്കും മൂന്ന് ദിവസത്തേക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളിലാണ് ഖത്തറിലെ മുഴുവൻ മ്യൂസിയങ്ങളിലും പ്രദർശനകേന്ദ്രങ്ങളിലും പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശിക്കാം. എല്ലാ വർഷവും മേയ് 18നാണ് അന്താരാഷ്ട്ര മ്യൂസിയം ദിനമായി ആഘോഷിക്കുന്നത്.
ഖത്തർ നാഷണൽ മ്യൂസിയം, മതാഫ് അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, ത്രീ ടു വൺ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് വിവിധ കേന്ദ്രങ്ങളിൽ തുടരുന്ന പ്രദർശന പരിപാടികൾ എന്നീ സ്ഥലങ്ങളിലേക്ക് മൂന്നു ദിനങ്ങളിൽ ടിക്കറ്റില്ലാതെ പൊതുജനങ്ങൾക്ക് പ്രവേശിക്കാം.
‘മ്യൂസിയങ്ങൾ: സുസ്ഥിരത, ക്ഷേമം’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷം നടക്കുന്നത്. സമൂഹം, രാജ്യം, ജനങ്ങളുടെ മാനസികാരോഗ്യം, കാലാവസ്ഥ എന്നിങ്ങനെ വിവിധ മേഖലകളുടെ സുസ്ഥിരതയിലും ക്ഷേമത്തിലും മ്യൂസിയങ്ങളുടെ പങ്കിനെ കുറിച്ച് ബോധ്യപ്പെടുത്തുക എന്നതാണ് ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന ലക്ഷ്യം. കൂടാതെ മ്യൂസിയങ്ങൾ കേന്ദ്രീകരിച്ചും മറ്റു പ്രദർശനങ്ങളിലൂടെയും സാമൂഹിക വികസനവും പരിസ്ഥിതി ബോധവത്കരണവും ഉയർത്താനും ലക്ഷ്യമിടുന്നുണ്ട്.
സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ഗവേഷണം, വിദ്യാഭ്യാസം, വിനോദം എന്നിവയ്ക്ക് സംഭാവന നൽകുന്ന ലോകോത്തര മ്യൂസിയങ്ങളെയും സാംസ്കാരിക സ്ഥാപനങ്ങളെയും പിന്തുണക്കുന്നതിന് ഖത്തർ മ്യൂസിയം പ്രതിജ്ഞാബദ്ധമാണ്. കൂടാതെ മ്യൂസിയങ്ങളെ അടുത്തറിയാനും അവ സമൂഹത്തിന് നൽകുന്ന സന്ദേശം മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം നൽകുന്നതെന്ന് ഖത്തർ മ്യൂസിയംസ് സിഇഒ അഹമ്മദ് മൂസ അൽ നംല അറിയിച്ചു.