മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാൻ’ സിനിമയുടെ ചിത്രീകരണം അടുത്ത ആഴ്ച മധുരയിൽ ആരംഭിക്കും. നടന് പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിന്റെ സംവിധാനം. ആശീര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മാതാക്കളായി ദക്ഷിണേന്ത്യയിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസുകളിലൊന്നായ ഹോംബാലെ ഫിലിംസ് കൂടി എത്തുന്നുണ്ട്. കെജിഎഫ്, കാന്താര തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച പ്രൊഡക്ഷൻ ഹൗസാണ് ഹോംബാലെ. ഇതോടെ എമ്പുരാന് ഒരു ‘പാന്‍ വേള്‍ഡ്’ ചിത്രമാകുമെന്നാണ് സൂചന.
ഉത്തരേന്ത്യയും തമിഴ്നാടും വിദേശ രാജ്യങ്ങളുമായിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. കേരളത്തിൽ ചിത്രീകരണമുണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. മുരളി ഗോപിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിക്കുന്നത്. സുരേഷ് ബാലാജിയും ജോർജിപയനും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്ഷൻ നിർവഹിക്കുക. ചിത്രത്തിന്റെ ബജറ്റോ റിലീസ് തിയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം നടത്തുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്. അതേസമയം മലയാള സിനിമയെന്ന നിലയിൽ മാത്രമായിരിക്കില്ല എമ്പുരാൻ ആസൂത്രണം ചെയ്യുന്നതെന്നാണ് സൂചന. തിയറ്ററിലും ഇന്ത്യൻ സിനിമ എന്ന നിലയിൽ ഒടിടിയിലും വൻ ബിസിനസ് നടന്ന ‘ലൂസിഫർ’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. 150 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം കൂടിയാണ് ‘ലൂസിഫർ’.