സൗദി അറേബ്യയുടെ രാജകീയ സംരക്ഷണ പ്രദേശത്ത് 58 പുരാവസ്തു സൈറ്റുകൾ കണ്ടെത്തി രേഖപ്പെടുത്തി. ചരിത്ര-പുരാവസ്തു സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമായി സൗദി അറേബ്യയുടെ ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ഹെറിറ്റേജ് കമ്മീഷനുമായി സഹകരിച്ച് സൈറ്റുകൾ രേഖപ്പെടുത്തിയത്.
രാജ്യത്തിന്റെ വികസനവും പൈതൃകവും കാത്തുസൂക്ഷിക്കുന്നതിനായി നടത്തിയ ഗവേഷണ-രേഖാ പദ്ധതിയുടെ ഭാഗമായാണ് കിംഗ് ഖാലിദ് റോയൽ റിസർവിലും ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവിന്റെ ചില ഭാഗങ്ങളിലും ഒരു മാസം നീണ്ടുനിന്ന പദ്ധതിയിൽ 58 ചരിത്രപരവും പുരാവസ്തുപരവുമായ സ്ഥലങ്ങൾ കണ്ടെത്തി രേഖപ്പെടുത്തിയത്. മണൽ മൂടിയ ശിലാസ്ഥാപനങ്ങളുടെ അവശിഷ്ടങ്ങൾ, ശിലാ ഉപകരണങ്ങൾ, ജലസ്ഥാനങ്ങൾ, 1,500 വർഷങ്ങൾക്ക് മുമ്പുള്ള തമുദിക് കാലഘട്ടത്തിലെ പുരാതന ലിഖിതങ്ങൾ, റോക്ക് ആർട്ട് എന്നിവയാണ് പ്രദേശത്ത് ഉൾപ്പെടുന്നത്.
സമകാലിക സൗദി വാസ്തുവിദ്യാ പൈതൃകം വിളിച്ചോതുന്ന കിംഗ് ഖാലിദ് കൊട്ടാരം ടീമുകൾ സന്ദർശിച്ചു. 1936-നും 1938-നും ഇടയിൽ ഖാലിദ് രാജാവിന്റെ ഭരണകാലത്ത് റിയാദിന് പുറത്ത് നിർമ്മിച്ച രണ്ട് നിലകളുള്ള ഈ കൊട്ടാരം 2,700 ചതുരശ്ര മീറ്റർ വിസ്തീർണ്ണവും 12.58 മീറ്റർ ഉയരവും ഉള്ളതാണ്. 180 ചതുരശ്ര മീറ്ററിൽ ഇവിടെ നീന്തൽക്കുളവുമുണ്ട്. കൊട്ടാരം നാഷണൽ ആർക്കിടെക്ചറൽ ഹെറിറ്റേജ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.